ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്, കാരണം ഇദ്ദേഹത്തിന്റെ പേര് പറയാന്‍ വേണം 20 മിനിറ്റ്

ലോറൻസ് വാറ്റ്കിൻസ് സ്വന്തം പേരെഴുതിയ പേപ്പറുകളുമായി | Photo : X / @GWR
ലോറൻസ് വാറ്റ്കിൻസ് സ്വന്തം പേരെഴുതിയ പേപ്പറുകളുമായി | Photo : X / @GWR

വെല്ലിങ്ടണ്‍: പേരെന്താണെന്ന് ഒരാള്‍ നിങ്ങളോട് ചോദിച്ചാല്‍ സ്വാഭാവികമായും അത് പറയുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാകാനിടയില്ല. പേരും പേരിനൊപ്പമുള്ള കുടുംബപേരോ മറ്റോ ചേര്‍ത്തു പറയുന്നതിലും പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ ന്യൂസിലന്‍ഡിലെ ലോറന്‍സ് വാറ്റ്കിന്‍സിന് അങ്ങനെയല്ല, ആരെങ്കിലും പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ പറയാന്‍ വാറ്റ്കിന്‍സിന് ഒരുപക്ഷെ സന്തോഷമാണെങ്കില്‍പ്പോലും കേള്‍ക്കുന്നവര്‍ക്കും കുറച്ചധികം ബുദ്ധിമുട്ടാകും. 'ത്രീ കിങ്‌സ്' എന്ന മലയാളസിനിമ കണ്ടവര്‍ക്ക് ഇത് മനസ്സിലായേക്കാം. നായകനും നായികയും അബദ്ധവശാല്‍ കയറേണ്ടി വരുന്ന കാറിലെ ഡ്രൈവര്‍ അയാളുടെ പേര് പറയുന്ന രംഗമൊന്ന് ഓര്‍ത്താല്‍മതി. വീട്ടുപേരും കുടുംബപ്പേരും മുതുമുത്തച്ഛന്‍മാരുടെ പേരും ചേര്‍ത്ത് നീണ്ടുനീണ്ടുപോകുന്ന പേരുപറച്ചില്‍. സമാനമായ സാഹചര്യമായിരിക്കും വാറ്റ്കിന്‍സിന്റെ മുഴുവന്‍ പേര് കേള്‍ക്കുന്നത്.

2,253 വാക്കുകളുണ്ട് വാറ്റ്കിന്‍സിന്റെ പേരില്‍. ഇതുമുഴുവന്‍ പറഞ്ഞുതീരാന്‍ 20 മിനിറ്റ് സമയം വേണ്ടിവരും. 1991ല്‍ വാറ്റ്കിന്‍സിന്റെ ആദ്യവിവാഹ സമയത്താണ് പേര് മുഴുവനായും ആദ്യമായി പറയുന്നത്. ഇതിനായി പേര് പറയുന്നത് റെക്കോഡ് ചെയ്തു. സമ്മതമാണ് എന്ന് വാറ്റ്കിന്‍സ് പറയുന്നതുവരെ റെക്കോഡ് ചെയ്ത ശബ്ദരേഖ കേള്‍പ്പിച്ചു. അത് തീരുന്നതുവരെ ചടങ്ങിനെത്തിയ അതിഥികള്‍ ഷാംപെയ്ന്‍ ഗ്ലാസുകളുമായി വിവാഹവേദിയില്‍ തേരാപാരാ നടക്കുകയായിരുന്നു.

ഏറ്റവും നീളമുള്ള ക്രിസ്ത്യന്‍ നാമം എന്ന ബഹുമതി 1992 ല്‍ ഗിന്നസ് വേള്‍സ് റെക്കോഡ്‌സ് വാറ്റ്കിന്‍സിന് നല്‍കിയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയാണ് വാറ്റ്കിന്‍സിന് ഗിന്നസ് റെക്കോഡിലേക്കുള്ള പ്രചോദനമായത്. അസാധാരണവും വ്യത്യസ്തവുമായ സവിശേഷതകളുള്ള വ്യക്തികളെ പരിചയപ്പെടുത്തുന്ന ആ പരിപാടി സ്ഥിരമായി കണ്ടിരുന്ന വാറ്റ്കിന്‍സിന് എങ്ങനെയെങ്കിലും ഗിന്നസ് ബുക്കില്‍ കയറിക്കൂടണമെന്ന ആഗ്രഹം തോന്നിയിരുന്നു. സാധാരണക്കാരനായ, പ്രത്യേക കഴിവുകളില്ലാത്ത തനിക്ക് എങ്ങനെയാണ് അത് സാധ്യമാകുക എന്ന ചിന്തയായി പിന്നെ അദ്ദേഹത്തിന്.

എന്നാല്‍ പിന്നെ പേരിലൂടെയാകാം ലോക റെക്കോഡ് എന്ന തീരുമാനത്തിലെത്തി. അങ്ങനെ സ്വന്തം പേരിനൊപ്പം വിവിധ ദേശങ്ങളിലും ഭാഷകളിലുമുള്ള പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങി. പ്രതിഫലം നല്‍കി ഒരു ടൈപ്പിസ്റ്റിനെ കൊണ്ട് തന്റെ പുതിയ പേര് ടൈപ്പ് ചെയ്യിച്ചു. 1990 ല്‍ തന്റെ പേര് മാറ്റിക്കിട്ടുന്നതിനുള്ള അപേക്ഷ നല്‍കി. ഒദ്യോഗികമായി ചില പ്രതിസന്ധികളുണ്ടായെങ്കിലും ഒടുവില്‍ വാറ്റ്കിന്‍സിന് പേരും ഗിന്നസ് റെക്കോഡും സ്വന്തമായി. 2,310 വാക്കുകളുള്ള പേരിന് 1992ലാണ് ആദ്യത്തെ ഗിന്നസ് റെക്കോഡ് ലഭിച്ചത്. ഏറ്റവും ദൈര്‍ഘ്യമുള്ള പേരിനുടമ എന്ന ബഹുമതി കൂടി അടുത്തിടെ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വാറ്റ്കിന്‍സിന് നല്‍കി. ആംഡ് സെക്യൂരിറ്റി ഗാര്‍ഡായിരുന്നു ഈ അറുപതുകാരന്‍.

Content Highlights: Meet the man with the world`s longest name, a 2,253-word Christian name that took 20 minutes to say! Guinness World Records holder Lawrence Wattkin`s incredible story.