പാക് അധിനിവേശ കശ്മീരില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തം; ചൈന-പാക്‌ ദേശീയപാതയില്‍ ഉപരോധം

ഷഹബാസ് ഷരീഫ് | Photo: AFP
ഷഹബാസ് ഷരീഫ് | Photo: AFP

ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പാക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ ആയിരക്കണക്കിനാളുകള്‍ തെരുവില്‍. ചൈനയേയും പാകിസ്താനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാരക്കോറം ദേശീയപാത മൂന്ന് ദിവസമായി പ്രതിഷേധക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. ഭീകരര്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാരികള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനുകാരണമെന്ന് ഷെരീഫിന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. പ്രധാനപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. 

പാക് ഭരണകൂടത്തിന്റെ വ്യാപാരനയങ്ങള്‍ക്കെതിരെയും ഷഹബാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയും ഭരണകക്ഷിയായ പിഎംഎല്‍(എന്‍) ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷികള്‍ പിന്തുണ നല്‍കുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ചൂഷണത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും വഴിവെക്കുന്ന പുതിയ നിയമത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ദേശീയപാതയില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

വ്യാപാരികള്‍, പണ്ഡിതര്‍, ഹന്‍സയിലേയും ഗില്‍ജിത്തിലേയും സമീപപട്ടണങ്ങളിലേയും വിവിധ സംഘടനകളിലെ അംഗങ്ങള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്. ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്നതിനും അനിശ്ചിതമായ വൈദ്യുതി തടസ്സങ്ങള്‍ക്കും കാരണമായേക്കാവുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദേശീയപാതയിലെ ഉപരോധം. 

2023 ഓക്ടോബറില്‍ ഇന്ത്യയിലെ കാര്‍ഗിലിലേക്കുള്ള റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രമുഖ ആക്ടിവിസ്റ്റായ ഷബ്ബീര്‍ മയ്യാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതോടെ ഷബ്ബീര്‍ അറസ്റ്റിലാകുകയും ഭീകരവാദത്തിനെതിരെയുള്ള നിയമപ്രകാരം ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. 


 

Content Highlights: Thousands protest in Gilgit-Baltistan, blocking the Karakoram Highway over government policies