ജർമനിയിലെ ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; കത്തിയും കുരുമുളക് സ്‌പ്രേയും; 11 പേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിലെ ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു. ജർമനിയിലെ മോഴ്‌സ് നഗരത്തിലെ ഗുരുദ്വാരയിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കത്തികളും സിഖുകാർ ഉപയോഗിക്കുന്ന കൃപാണും അടക്കമുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. കുരുമുളക് സ്‌പ്രേയും ഇവർ പ്രയോഗിച്ചിരുന്നു. ഇതിനുപുറമേ ഒരു തോക്കും ഇവരുടെ കൈകളിലുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒടുവിൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
നാൽപ്പതോളം പേരാണ് ഗുരുദ്വാരയ്ക്കുള്ളിൽ പരസ്പരം പോരടിച്ചതെന്നാണ് വിവരം. ഗുരുദ്വാരയുടെ പുതിയ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഗുരുദ്വാരയുടെ ഫണ്ടുമായി ബന്ധപ്പെട്ടുമാണ് തർക്കം ഉടലെടുത്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഒരാളെ സംഭവസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളിലുണ്ട്.
Content Highlights: Violent confrontation between two groups at a Moers Gurdwara in 2026., 11 individuals sustained injuries during the altercation., Weapons used included knives, kirpans, pepper spray, and a reported firearm., Conflict stemmed from disputes over the board of directors election and fund management., Police have initiated a formal investigation and taken one suspect into custody.