ഗാസയിലെ മരണം 70,000 കവിഞ്ഞു; അയൽരാജ്യങ്ങൾ ലക്ഷ്യംവെച്ച് ഇസ്രയേൽ

Photo: AP
Photo: AP

ഗാസാ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഇത്. വെടിനിർത്തലിന് ശേഷം ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ മാത്രം 300-ലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്ത് ബെനി സുഹൈയലിയൽ കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പതിനൊന്നും എട്ടും പ്രായക്കാരയ കുട്ടികളാണു കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയെ ആക്രമിക്കുന്നത് ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുകയാണ്. 352 പേരാണ് വെടിനിർത്തലിന് ശേഷവും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേൽ വാദം.

ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായാണ് വിവരം. അതേസമയം, സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുന്നുണ്ട്. വെള്ളിയാഴ്ച സിറിയയിൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളെ പിടികൂടാനാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് ഇസ്രയേൽ വാദം. ഭീകരവാദികൾ സൈനികർക്കുനേരെ വെടിയുതിർത്തുവെന്നും ആറു പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ അവകാശപ്പെട്ടു. ലെബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Gaza death toll over 70,000 after Israeli attacks. Two children killed in Khan Younis.