ഗാസയിൽ മരിച്ചുവീണതിലേറെയും സ്ത്രീകളും കുട്ടികളും; ട്രംപ് സമാധാന ദൂതനോ, വട്ടമിടുന്ന കഴുകനോ?

ഗാസ: ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം രണ്ടുവർഷം പൂർത്തിയാക്കുമ്പോൾ പ്രദേശത്ത് സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച, ഇസ്രയേൽ അംഗീകരിച്ച സമാധാനപദ്ധതി ഹമാസ് അംഗീകരിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പൂർണപരിഹാരമാകുമോ. ഇസ്രയേലും യുഎസും ചേർന്ന് മുന്നോട്ടുവെക്കുന്ന കരാർ എങ്ങോട്ടാണ് ഗാസയെ നയിക്കുക.
ആശ്രിതരാക്കുന്ന യുദ്ധതന്ത്രം
പലസ്തീന്റെ ഭാവിയുടെ മറ്റൊരുവശം ഇങ്ങനെയാണ്. ഗാസയിൽ മരിച്ചുവീണവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. രാജ്യപുരോഗതിക്കായി പ്രവർത്തിക്കേണ്ട തലമുറ ഇല്ലാതായി, വളർച്ചയ്ക്കുള്ള ഇന്ധനമാണ് ഇസ്രയേൽ തുടച്ചുനീക്കിയത്.
സമാധാനം സാധ്യമായാലും രാജ്യത്തെ ജനസംഖ്യാ കണക്കുകളിൽ ആശ്രിതരാകും ഭൂരിപക്ഷം. ഇത് വളർച്ചയെ പിന്നോട്ടടിക്കുമ്പോൾ പ്രദേശത്തിന് സഹായം ആവശ്യമായിവരും.
കരാർ ലക്ഷ്യത്തിന്റെ വിപരീതദിശയിൽ
വെടിനിർത്തലിനൊപ്പം പലസ്തീന്റെ പരമാധികാരവും ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്റെ ലക്ഷ്യമായിരുന്നു. ഇതനുസരിച്ച് സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ നാലെണ്ണം ഉൾപ്പെടെ 157 രാജ്യങ്ങൾ ഇപ്പോൾ പലസ്തീനെ അംഗീകരിക്കുന്നു.
ഇതിനുവിപരീതമാണ് നിർദിഷ്ടകരാർ. കാരണം പലസ്തീനിൽ സ്ഥിരതയുണ്ടാകുംവരെ വ്യവഹാരങ്ങൾ ഒരു മൂന്നാംകക്ഷി ഏറ്റെടുക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഈ കാലയളവ് അനിശ്ചിതമാണ്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. എന്നാൽ, വെടിനിർത്തൽ എന്ന സ്വപ്നത്തെ ചൂണ്ടയിൽ കോർത്തിട്ട് ഇതിൽനിന്നെല്ലാം ശ്രദ്ധതിരിക്കാനും അവർക്ക് സാധിക്കും.
ഉള്ളുകള്ളികൾ ഇങ്ങനെ
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീന്റെ പരമാധികാരം ഉറപ്പുവരുത്താനും ഇസ്രയേൽ അധിനിവേശം ഇല്ലാതാക്കാനും രാജ്യങ്ങളോട് ആഹ്വാനംചെയ്ത അന്താരാഷ്ട്ര നീതിന്യായക്കോടതി(ഐസിജെ)യുടെ 2024 ജൂലായിലെ നിർദേശം പരിഗണിക്കാനാണ് യുഎൻ സമ്മേളനം ലക്ഷ്യമിട്ടിരുന്നത്. ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ യുഎസിന്റെ ഇടപെടൽമൂലം ഇല്ലാതായിരിക്കുന്നു.
ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ കൈവരിക്കുക എന്നതാണ് കരാറിന്റെ പ്രഖ്യാപിതലക്ഷ്യം. എന്നാൽ, ഉദ്ദേശ്യം പലസ്തീനികളെ നിരായുധീകരിക്കുകയും ഗാസയിൽ സൈന്യം ഇല്ലാതാക്കുകയുമാണ്. ഇതോടെ പ്രദേശം പൂർണമായും ദുർബലമായി. പിന്നീടുണ്ടാകുന്ന ചെറിയ ആക്രമണത്തെപ്പോലും താങ്ങാൻ ആ മണ്ണിന് കഴിയില്ല. കരാർ സംഭവിച്ചുകഴിഞ്ഞാൽ ലക്ഷ്യം മാറുന്നു. സമാധാനത്തിന്റെ ദൂതനായെത്തുന്ന ട്രംപിന്റെ നേതൃത്വത്തിലുള്ള ഒരു ‘സമാധാന ബോർഡ്’ അനിശ്ചിതകാലത്തേക്ക് പ്രദേശം ഏറ്റെടുക്കും. ഇതോടെ പലസ്തീൻ അരാഷ്ട്രീയവും യാന്ത്രികവുമായി പ്രവർത്തിക്കുന്ന ഒന്നാകും. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയാണ് പലസ്തീൻ ജനതയുടെ അംഗീകൃത പ്രതിനിധി. എന്നാൽ, കരാർപ്രകാരമുള്ള ചില ‘പരിഷ്കാരങ്ങൾ’ നടപ്പാക്കുന്നതുവരെ ഗാസയിലെ ഭരണകാര്യങ്ങളിൽ ഇവർക്കും പങ്കുണ്ടാവില്ല.
ഇസ്രയേലിനെതിരേയുള്ള യുദ്ധക്കുറ്റങ്ങൾ റദ്ദുചെയ്യാനും നെതന്യാഹുവും ട്രംപും തോളോടുതോൾചേർന്ന് പ്രവർത്തിച്ചു. ഗാസയിലെ ജനങ്ങളെ മനഃപൂർവം പട്ടിണിക്കിട്ടത് ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾക്ക് 2024-ൽ നെതന്യാഹുവിനും മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും അന്തരാഷ്ട്ര ക്രിമിനൽക്കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നതിനാൽ കരാറിലെ ആവശ്യം ശ്രദ്ധേയമാണ്. ഇസ്രയേലിനെതിരേയുള്ള വംശഹത്യക്കുറ്റത്തിൽ ഐസിജെയുടെ വിധിയും വന്നിട്ടില്ല. ഇസ്രയേൽ സൈന്യം ഗാസയുടെ ഭൂരിഭാഗം പ്രദേശത്തും തുടരുമെന്നും സ്വതന്ത്ര പലസ്തീൻരാഷ്ട്രം സ്ഥാപിക്കാൻ താൻ സമ്മതിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
നിർണായക ചർച്ച കയ്‌റോയിൽ
ഗാസയിൽ രണ്ടുവർഷമായിത്തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലും ഹമാസും തമ്മിലുള്ള നിർണായക ചർച്ച ഈജിപ്തിലെ കയ്‌റോയിൽ തുടങ്ങി. നേരിട്ടല്ല, മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും യുഎസിന്റെയും പ്രതിനിധികൾ മുഖേനയാണ് ചർച്ച.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച 20 ഇന സമാധാന പദ്ധതി നടപ്പിൽവരുത്തുകയാണ് പ്രധാന അജൻഡ. ഇത് ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ട്. ബന്ദികളെ കൈമാറാമെന്നും ഗാസയുടെ ഭരണത്തിൽനിന്ന് പിന്മാറാമെന്നുമുൾപ്പെടെയുള്ള ഭാഗിക വ്യവസ്ഥകളേ ഹമാസ് അംഗീകരിച്ചിട്ടുള്ളൂ. കരാറിന്റെ ആദ്യഘട്ടം ഈയാഴ്ചതന്നെ പൂർത്തിയാക്കുക ലക്ഷ്യമിട്ട് ഇസ്രയേലിനോടും ഹമാസിനോടും വേഗത്തിൽ നീങ്ങാൻ ട്രംപ് നിർദേശിച്ചു. ശ്രമം പരാജയപ്പെട്ടാൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അതിനിടെ, ഹമാസ് വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ യോജിക്കുന്നതായി ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ കയ്റോയിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.