പൂർണ സഹകരണമെന്ന് നെതന്യാഹു, പിന്നാലെ ട്രംപിനെ തള്ളി ഇസ്രയേൽ; ഗാസയിൽ മരണം 67,000 കടന്നു

ഗാസാസിറ്റി: ബോംബിടൽ നിർത്തിവെക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 24മണിക്കൂറിനിടെയുണ്ടായ ആക്രമണങ്ങളിൽ 66 പേർ കൊല്ലപ്പെട്ടു.
ട്രംപ് മുന്നോട്ടുവെച്ച 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. തങ്ങളുടെ പക്കൽ ശേഷിക്കുന്ന ബന്ദികളിൽ ജീവനോടെയുള്ളവരുടെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെയും കൈമാറ്റം, ഗാസയുടെ ഭരണത്തിൽനിന്നുള്ള പിന്മാറ്റം തുടങ്ങിയ ട്രംപിന്റെ പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ ഹമാസ് അംഗീകരിച്ചു. ട്രംപിന്റെ സമാധാനപദ്ധതി ഇസ്രയേൽ നേരത്തേ അംഗീകരിച്ചിരുന്നു.
അതേസമയം, ഹമാസിന്റെ നിരായുധീകരണം, യുദ്ധാനന്തരഗാസയുടെ ഭരണം, പലസ്തീൻകാരുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നും അക്കാര്യത്തിൽ തുടർചർച്ച വേണമെന്നും അതിന് സന്നദ്ധമാണെന്നും ഹമാസ് അറിയിച്ചു. അമേരിക്കൻ സമയം ഞായറാഴ്ച വൈകീട്ട് ആറിനകം കരാർ അംഗീകരിച്ചില്ലെങ്കിൽ ഹമാസിനുമേൽ നരകം പെയ്തിറങ്ങുമെന്ന് വെള്ളിയാഴ്ച ട്രംപ് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കകമാണ് നിലപാടറിയിച്ചത്.
ഗാസയിൽ പുലരുമോസമാധാനം
: ഗാസയിൽ ശാശ്വതസമാധാനത്തിന് ഹമാസ് തയ്യാറാണെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ 20 ഇന സമാധാനപദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതിനോടുള്ള പ്രതികരണമായാണ് ഇതുപറഞ്ഞത്. മാത്രമല്ല, ഗാസയിൽ ബോംബിടുന്നത് നിർത്തിവെക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയുംചെയ്തു. അതിലൂടെമാത്രമേ ബന്ദികളെ എത്രയും വേഗം സുരക്ഷിതമായി തിരികെക്കൊണ്ടുവരാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് പ്രതികരിച്ച പശ്ചാത്തലത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചു.
സമാധാനക്കരാർ ചർച്ചചെയ്യുന്നതിന് സഹായിച്ച ഖത്തർ, തുർക്കി, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് ട്രംപ് നന്ദിപറഞ്ഞു. ബന്ദികളാക്കപ്പെട്ടവർ അവരുടെ അച്ഛനമ്മമാർക്കരികിലേക്ക് തിരിച്ചെത്തുന്നതുകാണാൻ താൻ ആഗ്രഹിക്കുന്നെന്നും വ്യക്തമാക്കി.
ട്രംപിന്റെ പ്രതികരണം ആശാവഹമാണെന്നും യുദ്ധം തീർക്കുക ലക്ഷ്യമിട്ട് ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ച തുടങ്ങാൻ സന്നദ്ധമാണെന്നും ഹമാസിന്റെ രാഷ്ട്രീയവിഭാഗം മാധ്യമോപദേഷ്ടാവ് തഹീർ അൽ നൗനൗ പ്രതികരിച്ചു. അധിനിവേശശക്തിയുടെ പിന്മാറ്റം സാധ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേലിന്റെ യുദ്ധലക്ഷ്യം പൂർത്തിയാക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായ രീതിയിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപുമായും അദ്ദേഹത്തിന്റെ ടീമുമായും പൂർണസഹകരണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിൽ ആകെ മരണം 67000 കടന്നു.
Content Highlights: Israel continues airstrikes in Gaza despite US President Trump`s call to halt bombing.