ഗാസയിൽ ഭക്ഷണത്തിനായി കേണ് ലക്ഷങ്ങൾ; സൈനികനടപടി അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്രസമ്മർദം

Photo : AP
Photo : AP

ഗാസാ സിറ്റി: രൂക്ഷമായ സൈനികനടപടി ഉപേക്ഷിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്രസമ്മർദം മുറുകവേ, ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കായി കേണ് ഗാസക്കാർ. അവശ്യവസ്തുക്കൾ കയറ്റിയ 93 യുഎൻ ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിട്ടുവെന്ന് ചൊവ്വാഴ്ച ഇസ്രയേൽ അറിയിച്ചിരുന്നു. എന്നാൽ, അവ വിതരണംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ (യുഎൻ) അറിയിച്ചു.

മാർച്ച് രണ്ടുമുതൽ ഗാസയിലേക്ക് ഇസ്രയേൽ അവശ്യവസ്തുക്കൾ കയറ്റിവിടുന്നില്ലായിരുന്നു. ഇക്കാരണത്താൽ കടുത്തപട്ടിണിയിലാണ് ഗാസ. മരുന്നിനും ശുദ്ധജലത്തിനും ഇന്ധനത്തിനും ക്ഷാമമുണ്ട്.

ഇസ്രയേൽ കയറ്റിവിടാൻ അനുവദിച്ചുവെന്ന്‌ പറയുന്ന സഹായം, ഗാസയിലെ 24 ലക്ഷത്തോളംവരുന്ന പലസ്തീൻകാർക്ക് ഒന്നിനും തികയില്ലെന്നും ഉപരോധം അവസാനിപ്പിച്ചുവെന്ന പുകമറസൃഷ്ടിക്കലാണതെന്നും ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് പറഞ്ഞു.

അതിനിടെ, ഗാസയ്ക്ക് അടിയന്തരമായി ജീവകാരുണ്യസഹായം എത്തിക്കാൻ ഇസ്രയേലുമായി ഉടമ്പടിയുണ്ടാക്കിയെന്ന് യുഎഇ ബുധനാഴ്ച അറിയിച്ചു. ആദ്യഘട്ടത്തിൽ 15,000 സാധാരണക്കാർക്ക് ഭക്ഷണമെത്തിക്കുമെന്നും പറഞ്ഞു. എന്നാൽ, എന്നുമുതൽ ഗാസയിലേക്ക് യുഎഇയുടെ സഹായമെത്തുമെന്ന്‌ വ്യക്തമല്ല.

അതിനിടെ, ചൊവ്വാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഒരാഴ്ച പ്രായമുള്ള കുഞ്ഞുൾപ്പെടെ 45 പേർ മരിച്ചു. ഗാസ മുഴുവൻ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഞായറാഴ്ചമുതൽ ഗാസയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇതിനുപിന്നാലെ അന്താരാഷ്ട്രവിമർശനവും കടുത്തു. ഗാസയ്ക്ക് അവശ്യസഹായം നിഷേധിക്കുന്ന ഇസ്രയേലുമായുള്ള വ്യാപാരസഹകരണം മുന്നോട്ടുകൊണ്ടുപോകണോയെന്നകാര്യം അവലോകനംചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.

ഇസ്രയേൽമന്ത്രിമാർക്ക് ഉപരോധമേർപ്പെടുത്താൻ യൂറോപ്യൻ യൂണിയനുമേൽ സമ്മർദംചെലുത്തുമെന്ന് സ്വീഡൻ അറിയിച്ചു. ഇസ്രയേലുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ ചർച്ച ബ്രിട്ടൻ മരവിപ്പിച്ചു. ഇസ്രയേൽസ്ഥാനപതിയെ വിളിച്ചുവരുത്തുകയും വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശക്കാർക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്തു.

2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ കടന്ന് ആക്രമണം നടത്തിയതിനുപിന്നാലെയാണ് ഗാസയിൽ യുദ്ധം തുടങ്ങിയത്. ഇതുവരെ 53,573 പേർ മരിച്ചെന്നാണ് ഔദ്യോഗികകണക്ക്.

Content Highlights: Gaza faces severe shortages amidst Israeli blockade.