എല്ലാം ഉപേക്ഷിച്ചു, ഒരു ടെന്റിന് വേണ്ടി കൈയിലുള്ള ആഭരണം മുഴുവൻ വിറ്റു- ഗാസയിൽ തുടരുന്ന ദുരിതക്കാഴ്ച

Photo: AP
Photo: AP

ഗാസ: ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഏറ്റവും വലിയ കുടിയിറക്കത്തിനാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. കൈയിലുള്ളതെല്ലാം ഇട്ടെറിഞ്ഞ് ജനം ജീവനുമായി ഗാസയിൽ നിന്ന് പലായനം തുടരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ലഭിക്കുന്ന വസ്തുക്കൾക്കാകട്ടെ വൻ വിലയും നൽകേണ്ട അവസ്ഥ. ഇസ്രയേൽ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസയിൽ നിന്ന് നിരവധി പേർ തെക്കോട്ടേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഗാസയിൽ ജനം അനുഭവിക്കുന്ന ദുരിതങ്ങൾ ബിബിസി, അൽജസീറ്, ദ ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തന്റെ മൂന്നു കുട്ടികൾക്ക് കിടക്കാൻ വെറുമൊരു ടെന്റിന് മാത്രമായി ലിന അൽ മഗ്രെബി എന്ന 32-കാരിയായ മാതാവ് തന്റെ കൈയിലുള്ള സ്വർണമടക്കം വിറ്റതായി ബിബിസി റിപ്പോർട്ട്ചെയ്യുന്നു.

ഇസ്രയേൽ അക്രമണം തുടർന്നിട്ടും വീട് വിട്ടുപോകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇസ്രയേൽ ഉദ്യോഗസ്ഥരുടെ നിർബന്ധപ്രകാരം എല്ലാം ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്നു. സ്ഥലം മാറുന്നതിനും ഒരു ടെന്റിനും വേണ്ടി എന്റെ ആഭരണങ്ങളെല്ലാം വിൽക്കാൻ നിർബന്ധിതയായി. ഖാൻ യൂനിസിൽ എത്താൻ വേണ്ടി മാത്രം പത്ത് മണിക്കൂറോളമെടുത്തു. യാത്രയ്ക്ക് ഞങ്ങൾ 735 പൗണ്ട് നൽകി- ലിന അൽ മഗ്രെബി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അൽ റാഷിദ് തീരദേശ റോഡിൽ കൂടി പലായനം ചെയ്യാൻ ഇസ്രയേൽ അനുമതി നൽകിയിട്ടുണ്ട്. വൻതോതിൽ തിക്കും തിരക്കുമാണ് ഈ റോഡിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കാറുകളുടേയും ട്രക്കുകളുടേയും നീണ്ട നിര റോഡ് മുറിച്ച് കടക്കുന്നതിന് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ബോംബാക്രമണം ശക്തമായ സാഹചര്യത്തിൽ നിരവധി പേർ വഴിയിൽ കുടുങ്ങിക്കിടക്കുന്നതായും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

ഗാസ പിടിച്ചടക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ സേന ശക്തമായ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. പ്രദേശത്ത് ശക്തമായ ബോംബാക്രമണവും നടക്കുന്നുണ്ട്. ഇന്ന് മാത്രം 68 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ടും പുറത്തുവന്നു.

Content Highlights: Gaza israel: Mass Displacement Amid Intensified Israeli Offensive