അറബ് പാർട്ടികളുടെ പിന്തുണ; ഐസൻകോട്ട് ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക്,നെതന്യാഹുവിനെ കൈവിട്ട് സഖ്യകക്ഷി

ടെൽ അവീവ്: ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ആരെ ശുപാർശ ചെയ്യണം എന്നത് സംബന്ധിച്ച് പാർട്ടി പ്രതിനിധികളുമായുള്ള പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ കൂടിക്കാഴ്ച തുടരുന്നു. യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ തങ്ങൾ പിന്തുണയ്ക്കുന്നതായി അറബ് പാർട്ടികൾ അറിയിച്ചു.
പ്രധാനമന്ത്രി പദത്തിലേക്ക് ബെഞ്ചമിൻ നെതന്യാഹുവിനെ മറികടന്ന്, ഐസൻകോട്ട് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഈ തീരുമാനം. വിവിധ പാർട്ടി നേതാക്കളുമായുള്ള ഇസ്രയേൽ പ്രസിഡന്റിന്റെ കൂടിക്കാഴ്ച ഇന്ന് അവസാനിക്കും.
ഹമാസിന്റെ സമ്പൂർണ്ണ നിരായുധീകരണത്തെ തന്റെ പാർട്ടി പിന്തുണയ്ക്കുന്നതായി അറബ് പാർട്ടിയായ 'റാം' നേതാവ് മൻസൂർ അബ്ബാസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. ഐസൻകോട്ടിനെ ശുപാർശ ചെയ്യുമെന്ന് മറ്റൊരു അറബ് പാർട്ടിയായ ജോയന്റ് ലിസ്റ്റും അറിയിച്ചു.
ഒക്ടോബർ 27 ലെ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യത്തിനും ദേശീയ ഐക്യം വാഗ്ദാനം ചെയ്യുന്ന മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനും ഭൂരിപക്ഷം സ്വന്തമാക്കാനായിരുന്നില്ല. 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ പിന്തുണ നിർണായകമായിരുന്നു.
തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ നടന്നുവെന്ന നെതന്യാഹുവിന്റെ ആരോപണങ്ങൾക്കിടെ പ്രസിഡന്റ് ഐസക് ഹെർസോഗ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് ഫലം സ്വീകരിച്ചിരുന്നു. തുടർന്ന് ഇന്നലെയും ഇന്നുമായി വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം.
കൂടിക്കാഴ്ചയ്ക്കുശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ക്ഷണിക്കേണ്ടതെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിക്കും. കൂടുതൽ കക്ഷികൾ ശുപാർശ ചെയ്യുന്ന വ്യക്തിക്ക് സർക്കാരുണ്ടാക്കാനുള്ള അധികാരം നൽകുന്നതാണ് പരമ്പരാഗതമായ രീതി. അറബ് പാർട്ടികളുടെ പിന്തുണ ലഭിച്ച സ്ഥിതിക്ക് ഐസൻകോട്ടിന് പ്രധാനമന്ത്രിയാകുന്നതിന് സുരക്ഷിതമായ സീറ്റുകൾ ഉറപ്പിക്കാനാകും. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിൽ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നത് ഒരു തടസ്സമാണ്. സഖ്യകക്ഷികളുടെ പിന്തുണകൂടി ഉറപ്പാക്കിയാൽ ഐസൻകോട്ടിന് 120 അംഗ നെസെറ്റിൽ 67 പേരുടെ പിന്തുണ ഉണ്ടാകും. 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ഇതിനിടെ നെതന്യാഹുവിന്റെ ദീർഘകാല സഖ്യകക്ഷികളായിരുന്ന തീവ്ര ഓർത്തഡോക്സ് പാർട്ടി അദ്ദേഹത്തെ പ്രധാനമന്ത്രിയായി ശുപാർശ ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്. അവർ ഐസൻകോട്ടിനെയും പിന്തുണച്ചിട്ടില്ല. ഇവർക്ക് ഏഴ് സീറ്റുകളുണ്ട്. ഇതോടെ നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 46 ആയി ചുരുങ്ങുകയും ചെയ്തു.
Content Highlights: Arab parties back Gadi Eisenkot to form the next Israeli government., Benjamin Netanyahu's coalition support drops to 46 seats., President Isaac Herzog continues consultations with party leaders., Eisenkot secures potential majority support surpassing the required 61 Knesset seats.