സർക്കാർ രൂപീകരണം; നെതന്യാഹുവിന്റെ പാർട്ടിയെ ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്, ഇന്നുമുതൽ നിർണായക യോഗം

#ന്യൂസ് ഡെസ്ക്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ഗാദി ഐസന്‍കോട്ടും |ഫോട്ടോ:AFP
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവും ഗാദി ഐസന്‍കോട്ടും |ഫോട്ടോ:AFP

ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഗാദി ഐസൻകോട്ട്. നവംബർ 22 ഞായറാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം.

ഐസൻകോട്ടിന്റെ പാർട്ടിയായ യാഷറാണ് ലികുഡ് പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചത്. രാജ്യത്ത് വിശാലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിന്റെ ഭാഗമാണ് ക്ഷണമെന്നാണ് യാഷർ പാർട്ടി പ്രസ്താവനയിൽ അറിയിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി ലികുഡ് പ്രതിനിധികളുമായി തുടർച്ചയായ ചർച്ചകൾ നടത്താൻ പാർട്ടിയുടെ ചർച്ചാസംഘത്തിന് ഐസൻകോട്ട് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഇരു പാർട്ടികളും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഐക്യസർക്കാർ രൂപീകരിക്കുന്നതിൽ ആത്മാർഥതയില്ലെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ നിയമനിർമാണ നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും അറബ് പാർട്ടികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും ലികുഡ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകില്ലെന്ന് ഐസൻകോട്ട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നെതന്യാഹുവിന്റെ പാർട്ടിയിലെ മറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കുന്നതിനോട് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐസൻകോട്ട് പ്രധാനമന്ത്രിയാകുന്ന സാഹചര്യത്തിൽ ലികുഡ് അംഗങ്ങളുമായി സഖ്യമുണ്ടാക്കുന്നതാണ് പരിഗണനയിലുള്ള സാധ്യത.

ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിനുള്ളിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. തീവ്ര ഓർത്തഡോക്‌സ് ജൂത പാർട്ടികളായ ഷാസ്, യുണൈറ്റഡ് തോറാ ജൂഡായിസം എന്നിവയെ ഉൾപ്പെടുത്തി സഖ്യമുണ്ടാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അറബ് ഭൂരിപക്ഷ പാർട്ടികളായ റാം, ജോയിന്റ് ലിസ്റ്റ് എന്നിവയുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാമെന്നതാണ് മറ്റൊരു നിർദേശം.

ഇതിനിടെ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഐസൻകോട്ടിന്റെ നേതൃത്വത്തിൽ ഐക്യസർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നെതന്യാഹുവിനോടോ അദ്ദേഹത്തിന്റെ സഖ്യത്തോടൊപ്പമോ തന്റെ പാർട്ടി ചേരില്ലെന്നും ബെന്നറ്റ് വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ഐക്യസർക്കാർ ആവശ്യമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ 120 അംഗ ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഒരു മുന്നണിക്കും ലഭിച്ചിരുന്നില്ല. നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം 53 സീറ്റുകൾ നേടിയപ്പോൾ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്. അറബ് ഭൂരിപക്ഷ പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചു.27 സീറ്റുകളുമായി ലികുഡ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 21 സീറ്റുകളാണ് ലഭിച്ചത്.പുതിയ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് ഡിസംബർ വരെ സമയമുണ്ട്. വിശാലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ന്യൂനപക്ഷ അടിയന്തര സർക്കാരെന്ന സാധ്യതയും പരിഗണിക്കുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Gadi Eisenkot's Yashar party invited Benjamin Netanyahu's Likud to talks for a broad coalition government., Previous preliminary talks faced hurdles with mutual accusations and disagreements., Eisenkot refuses to serve under Netanyahu but considers alliance with other Likud members., Israel's October 27 election resulted in a hung parliament with no bloc securing 61 seats.