ഫ്രാൻസിൽ ജനകീയപ്രക്ഷോഭം കലാപമായി; തീവെപ്പും വ്യാപക കൊള്ളയും, 1,200-ലേറെ പേർ അറസ്റ്റിൽ

പാരീസ്: ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും സർക്കാരിന്റെ നയങ്ങൾക്കുമെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ വൻ അക്രമത്തിലും കലാപത്തിലും കലാശിച്ചു. ജനജീവിതത്തെ ബാധിച്ച വിലക്കയറ്റത്തിനെതിരെ ഉയർന്ന ജനരോഷം പലയിടത്തും തീവെപ്പിലും കടകൾ കൊള്ളയടിക്കുന്നതിലും വ്യാപക നാശനഷ്ടങ്ങളിലുമാണ് അവസാനിച്ചത്. പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1,200-ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കൊള്ളയടിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങൾക്കും ജോലിസ്ഥലത്തെ അവസ്ഥകൾക്കും പോലീസിന്റെ കടുത്ത നടപടികൾക്കുമെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധങ്ങളാണ് പിന്നീട് വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളി യൂണിയനുകൾ, തൊഴിലാളികൾ, കർഷകർ, പെൻഷൻകാർ, 'യെല്ലോ വെസ്റ്റ്' (Yellow Vest) പ്രസ്ഥാനത്തിന്റെ അനുഭാവികൾ എന്നിവരടക്കം പ്രക്ഷോഭത്തിൽ അണിനിരന്നു. സിജിടി (CGT) ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 5.5 ലക്ഷത്തോളം (550,000) ആളുകൾ പങ്കെടുത്തു. ഇതിൽ പാരീസിൽമാത്രം ഒരുലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. ലക്ഷക്കണക്കിന് ആളുകൾ അണിനിരന്ന റാലികൾ പലയിടത്തും അക്രമത്തിന് വഴിവെക്കുകയായിരുന്നു.
Tens of thousands protested across French cities, including Paris, Marseille and Toulouse, over rising living costs and public services, with clashes leading to at least 272 arrests https://t.co/89VygTAwsk pic.twitter.com/mQqoc4REcr
— Reuters (@Reuters) October 17, 2026
സമാധാനപരമായി മുന്നേറിയ പ്രകടനങ്ങൾക്കിടയിൽ മുഖംമൂടി അണിഞ്ഞ പ്രതിഷേധക്കാർ പോലീസിനു നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞതായാണ് റിപ്പോർട്ടുകൾ. കണ്ണീർവാതകത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ പ്രത്യേക കണ്ണടകളും ഹൂഡുകളും ധരിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അക്രമികളെ തുരത്താൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധ നഗരങ്ങളിൽ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ബാരിക്കേഡുകൾ കത്തിക്കുകയും ചെയ്തു.
പാരീസിൽ കടകളും റെസ്റ്റോറന്റുകളും തകർക്കുകയും ബാറിന് തീയിടുകയും ചെയ്തു. പലയിടത്തും കടകൾ കൊള്ളയടിക്കപ്പെട്ടു. ചില പ്രക്ഷോഭകർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറുമെന്ന് ഭീഷണിപ്പെടുത്തി. ബോർഡോ (Bordeaux) നഗരത്തിൽ ആപ്പിൾ സ്റ്റോറുകൾ, ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റോൺ, ഹെർമസ് എന്നിവയുടെ ഷോറൂമുകളുടെ മുന്നിലെ ചില്ലുകൾ തകർത്ത് അക്രമികൾ കൊള്ളയടിച്ചു. ലിമോഷ് (Limoges) നഗരത്തിൽ നഗരസഭാ കാര്യാലയം ഉൾപ്പെടെയുള്ള പൊതുമന്ദിരങ്ങൾക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു.
മാർസെയിലിലെ നഗരസഭാ കാര്യാലയത്തിലും അക്രമികൾ നാശനഷ്ടങ്ങൾ വരുത്തി. മാർസെയിലിലെ മുനിസിപ്പൽ ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ അക്രമികൾ, ഫ്രാൻസിന്റെ ദേശീയ പ്രതീകമായ 'മരിയാനെ'യുടെ അർധകായ പ്രതിമ തകർത്തു. ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുകയും ചുവരിൽ ചില ചിഹ്നങ്ങൾ സ്പ്രേ പെയിന്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിയോണിലെ വിനോദസഞ്ചാര കേന്ദ്രത്തിനും അക്രമികൾ തീയിട്ടു.
പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇതിൽ ബോധരഹിതരായ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആഭ്യന്തരമന്ത്രി ലോറന്റ് നുണെസ് അറിയിച്ചു. അതിനിടെ, സെയിന്റ് എറ്റിയെനിൽ (സെയിന്റ്-Etienne) പോലീസ് ഉപയോഗിച്ച സുരക്ഷാ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രക്ഷോഭകന്റെ കൈ നഷ്ടപ്പെട്ടു. അക്രമസംഭവങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് 'എക്സ്' പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.