ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു, വ്യാപക അറസ്റ്റ്; നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

പാരിസ്: ജീവിതച്ചെലവ് വർധനവിനും വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കലിനുമെതിരെ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. വൻതോതിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു. ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കി എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 135 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങളിൽ മൂവായിരത്തോളം കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ തുടങ്ങിയവ അടച്ചിടുകയും വ്യാപാരികൾ സ്ഥാപനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാർ വെള്ളിയാഴ്ച നടത്താനിരുന്ന പാരിസിലെ പ്രകടനങ്ങൾ പൊലീസ് അവസാന നിമിഷം വഴിമാറ്റുകയും നഗരത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിലേക്ക് പ്രതിഷേധങ്ങൾ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെ നിർദ്ദേശം ലംഘിച്ച് സമരം പ്രതിഷേധം നടത്തിയ പ്രക്ഷോഭകർക്ക് നേരെ ലിയോണിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാന്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായതോടെ പ്രതിഷേധം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, അൽബേനിയ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ജീവിതച്ചെലവിനെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
Content Highlights: Recent protests in France lead to the closure of major Paris museums and damage to thousands of shops, as authorities take precautionary measures.