ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പങ്കുവെച്ചു; ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം. തഹ്‌സീഫ് സൗരി | Photo: x.com/thetatvaindia
ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം. തഹ്‌സീഫ് സൗരി | Photo: x.com/thetatvaindia

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതുമായി ബന്ധമുള്ള ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം. തഹ്‌സീഫ് സൗരിയെ (28) ആണ് ധാക്കയിലെ തുറാഗ് നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ചമുതൽ കാണാതായ സൗരിയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഉത്തരഖാൻ പ്രദേശത്തെ രാജബാരി ഘട്ടിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്. സൗരിയുടേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഷെയ്ഖ് ഹസീന സൈനികവിമാനത്തിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചതിനാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന് സൗരിയുടെ സഹോദരൻ മഷ്‌ഫെക ജഹാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദൃശ്യങ്ങൾ പ്രചരിച്ചതിനുപിന്നാലെ സൗരിയെ വ്യോമസേനയിൽനിന്ന് നിർബന്ധിത വിരമിക്കലിന് വിധേയനാക്കിയിരുന്നു. അതിനുശേഷവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തെ നിരന്തരം പിന്തുടരുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു.