9/11 ആക്രമണത്തിന് ശേഷം കോക്പിറ്റിലേക്ക് മാറ്റിയ ‘ആയുധം’; ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ച്

#ന്യൂസ് ഡെസ്ക്
ക്യാപ്റ്റൻ സ്മിത് മച്ചാർ, വിമാനത്തിന്റെ കോക്ക്പിറ്റിൽ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിക്കാറുള്ള 'ക്രാഷ് ആക്സ്' | Photo: x.com/kamalrajsingh_  and x.com/Bo_6a7no0on
ക്യാപ്റ്റൻ സ്മിത് മച്ചാർ, വിമാനത്തിന്റെ കോക്ക്പിറ്റിൽ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിക്കാറുള്ള 'ക്രാഷ് ആക്സ്' | Photo: x.com/kamalrajsingh_ and x.com/Bo_6a7no0on

ടെൽ അവീവ്: ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയിൽ ഫ്ലൈദുബായ് വിമാനത്തിൽ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒരേയൊരു ചോദ്യമാണ് ഉയരുന്നത്: സഹപൈലറ്റിന് കോക്പിറ്റിൽ എങ്ങനെ ആയുധം ലഭിച്ചു? വിമാനത്തിലെ കട്ട്ലറിയിൽ നിന്നുള്ള കത്തിയുപയോഗിച്ചാണ് ഒമാൻ പൗരനായ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കുത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ആക്രമണത്തിന് മുമ്പ് സഹപൈലറ്റ് കത്തിയോ മറ്റ് പുറത്തുനിന്നുള്ള ആയുധങ്ങളോ കോക്പിറ്റിലേക്ക് കടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്തിന്റെ കോക്ക്പിറ്റിൽ അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിക്കാറുള്ള 'ക്രാഷ് ആക്സ്' (Crash axe) അല്ലെങ്കിൽ ഫയർ ആക്സ് ഉപയോഗിച്ചാണ് ഇയാൾ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിച്ചതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആക്രമണത്തിന് ക്രാഷ് ആക്സാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് എല്ലാ വാണിജ്യ വിമാനങ്ങളുടെയും നിർമാണവേളയിൽതന്നെ കോക്ക്പിറ്റിൽ ക്രാഷ് ആക്സ് ഘടിപ്പിക്കാറുണ്ട്. ഇത് നിർബന്ധവുമാണ്. വിമാനാപകടങ്ങൾക്കുശേഷം അടിയന്തര ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകളായി ഇത്തരം കോടാലികൾ വിമാനങ്ങളിൽ സൂക്ഷിച്ചുപോരുന്നുണ്ട്. മുമ്പ് വിമാനങ്ങളുടെ പ്രധാന ക്യാബിനുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെങ്കിലും, 25 വർഷം മുമ്പ് അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷമാണ് ഇവ കോക്ക്പിറ്റിലേക്ക് മാറ്റിയത്. നിലവിൽ പൈലറ്റുമാർക്ക് എളുപ്പത്തിൽ എടുക്കാൻ പാകത്തിലാണ് ഇവ കോക്ക്പിറ്റിനുള്ളിൽ വെച്ചിരിക്കുന്നത്.

അതേസമയം, ആക്രമണം നടത്തിയ ഒമാനി കോ-പൈലറ്റിന്റെ പേരുവിവരങ്ങളോ ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇയാളെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്ഥിരീകരിച്ചതല്ലാതെ സൗദി, യു.എ.ഇ അധികൃതർ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി ഫ്ലൈദുബായ് അറിയിച്ചിട്ടുണ്ട്.

ദുബായിൽനിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലൈറ്റ്‌റേഡാർ 24 നൽകുന്ന വിവരങ്ങൾ അനുസരിച്ച്, വെറും ഒരു മിനിറ്റിനുള്ളിൽ വിമാനം 33,000 അടിയിൽനിന്ന് 17,000 അടിയിലേക്ക് (ഏകദേശം 10,000 മീറ്ററിൽനിന്ന് 5,100 മീറ്ററിലേക്ക്) അപകടകരമായി താഴേക്ക് പതിച്ചു. തുടർന്ന് ജോർദാൻ അതിർത്തിക്ക് സമീപം അനിയന്ത്രിതമായി വട്ടമിട്ട് പറന്ന വിമാനം, ഒരു മണിക്കൂറിനുശേഷം സൗദി നഗരമായ തബൂക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.