കിർക്കിന്റെ ഘാതകൻ രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവിട്ട് FBI; വിവരംനൽകുന്നവർക്ക് ഒരുലക്ഷം ഡോളർ നൽകും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിശ്വസ്ഥൻ ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). കിര്‍ക്കിനുനേര്‍ക്ക് വെടിയുതിര്‍ത്ത് നിമിഷങ്ങള്‍ക്കകം സ്ഥലത്തുനിന്ന് ഇയാള്‍ ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബുധനാഴ്ച യൂട്ടാ സംസ്ഥാനത്തെ യൂട്ടാ വാലി സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് കിര്‍ക്കിന് വെടിയേറ്റത്. അമേരിക്കയിലെ അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്നു 31-കാരനായ കിര്‍ക്ക്.
കിര്‍ക്കിന്റെ ഘാതകനെന്ന് സംശയിക്കുന്ന യുവാവ്, കോളേജ് കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളിലൂടെ ഓടുന്നതും ശേഷം താഴേക്ക് ചാടി യൂട്ടാ സര്‍വകലാശാലാ കാമ്പസിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവദിവസം, പ്രാദേശികസമയം 12 മണിയോടെ ഇയാൾ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് കയറുകയും ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം അവിടെനിന്ന് ചാടിരക്ഷപ്പെടുകയും ചെയ്തുവെന്ന് എഫ്ബിഐ പ്രസ്താവനയിൽ അറിയിച്ചു.
സര്‍വകലാശാലയ്ക്ക് സമീപത്തെ മരക്കൂട്ടത്തിനരികില്‍ ഇയാള്‍ തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചിരുന്നെന്നും എഫ്ബിഐയുടെ പ്രസ്താവനയിലുണ്ട്. കറുത്ത മുഴുക്കൈ ഷര്‍ട്ട് ധരിച്ച യുവാവ്, കണ്ണാടിയും തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇയാളുടെ പുറത്ത് ഒരു ബാഗുമുണ്ട്. കൊലപാതകിയുടെ ഷൂവിന്റെ പാടുകള്‍, കയ്യുടെയും കൈപ്പത്തിയുടെയും രേഖകള്‍ തുടങ്ങിയവ മേല്‍ക്കൂരയില്‍നിന്ന് ശേഖരിച്ചതായും എഫ്ബിഐ അറിയിച്ചു.
കൊലപാതകി കോളേജ് വിദ്യാര്‍ഥിയുടെ പ്രായത്തിലുള്ള ആളാണെന്നാണ് വിവരം. ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: fbi releases video of man who suspected to be the murderer of charlie kirk