പുസ്തകങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പ്രചോദനമായ വെള്ളകിവി മനുകുറ ഇനിയില്ല..

മനുകുറ | Photo : Twitter | Pukaha National Wildlife Centre
മനുകുറ | Photo : Twitter | Pukaha National Wildlife Centre

ഒട്ടാവ: നിരവധി പുസ്തകങ്ങള്‍ക്കും കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ക്കും പ്രചോദനമായ മനുകുറ എന്ന വെള്ള കിവിപ്പക്ഷി ഞായറാഴ്ച ചത്തു. കിവിപക്ഷിവര്‍ഗത്തില്‍ ലോകത്തിലെ അപൂര്‍വ വെള്ളകിവിയായിരുന്നു മനുകുറ. 'ഏറ്റവും ദുഃഖകരമായ ദിവസ'മെന്നാണ് മനുകുറയെ സംരക്ഷിച്ചിരുന്ന പുകാഹ ദേശീയ വന്യജീവി സങ്കേതം ആ ദിവസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 

ന്യൂസിലാന്‍ഡിന്റെ ദേശീയപക്ഷിയായ കിവി സാധാരണയായി തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. 2011 ലാണ് വെള്ള നിറത്തിലുള്ള മനുകുറയും മപുനയും വിരിഞ്ഞത്. ആദ്യവര്‍ഷത്തില്‍ മനുകുറ ആണ്‍പക്ഷിയാണെന്ന് കരുതപ്പെട്ടിരുന്നു. പിന്നീടുള്ള ഡിഎന്‍എ പരിശോധനയിലാണ് മനുകുറ പെണ്‍പക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്. 

ആമാശയത്തിലെ വളര്‍ച്ച പൂര്‍ത്തിയാകാത്ത മുട്ട നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ഡിസംബര്‍ ആദ്യം മനുകുറ വിധേയമായിരുന്നു. ഇതേ തുടര്‍ന്ന് കിവിയുടെ ആരോഗ്യനില ക്രമേണ ക്ഷയിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാനും മനുകുറ വിമുഖത പ്രകടിപ്പിച്ചിരുന്നു. 

പുകാഹ വന്യജീവി സങ്കേതത്തിന്റെ അംബാസിഡറായിരുന്ന മനുകുറയുടെ പേരില്‍ ഫെയ്‌സ്ബുക്ക് പേജുണ്ട്. വംശനാശഭീഷണി നേരിടുന്ന കിവി വര്‍ഗത്തിന്റെ പ്രതിനിധിയായും മനുകുറയെ അവരോധിച്ചിരുന്നു. പറക്കാനാവാത്ത ഈ പക്ഷി വര്‍ഗത്തിന് 25-50 വർഷം വരെയാണ് ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 10 വര്‍ഷത്തോളം മാത്രം കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായി നിലനില്‍ക്കാന്‍ ഭാഗ്യമുണ്ടായ മനുകുറയെ കുറിച്ചുള്ള വിഷമത്തിലാണ് ആരാധകര്‍. 

Content Highlights: Extremely rare White Kiwi that inspired books and toys dies in New Zealand

Content Highlights: