ഐഎസ്ഐ മുൻ തലവന് 14 വർഷം തടവുശിക്ഷ വിധിച്ച് പാക് പട്ടാളക്കോടതി

ഇസ്‌ലാമാബാദ്: ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ മേധാവി ഫായിസ് ഹമീദിനെ സേനാനിയമങ്ങൾ ലംഘിച്ച കേസിൽ പാകിസ്താൻ പട്ടാളക്കോടതി 14 വർഷം കഠിനതടവിന് ശിക്ഷിച്ചു. ആദ്യമായാണ് ഐഎസ്ഐയുടെ മേധവിയായിരുന്നയാൾക്ക് ശിക്ഷ വിധിക്കുന്നത്.
പാകിസ്താൻ സേനാനിയമപ്രകാരം 2024 ഓഗസ്റ്റ് 12-നാണ് ഹമീദിനെതിരേ ഫീൽഡ് ജനറൽ കോർട്ട് മാർഷൽ നടപടിയാരംഭിച്ചത്. രാഷ്ട്രീയപ്രവർത്തനം നടത്തി, രാജ്യത്തിന്റെ സുരക്ഷയെയും താത്പര്യത്തെയും ബാധിക്കുംവിധം ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു, അധികാരവും സർക്കാർ വിഭവങ്ങളും ദുരുപയോഗിച്ചു, വ്യക്തികൾക്ക് നഷ്ടമുണ്ടാക്കി എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായിരുന്നു ഹമീദ്.
2019-2021 കാലത്താണ് ഹമീദ് ഐസ്ഐ ഡയറക്ടർ ജനറലായിരുന്നത്. കാലാവധി പൂർത്തിയാക്കാതെ 2022 ഡിസംബർ 10-ന് വിരമിച്ചു. കുറ്റക്കാരന് നിർദിഷ്ട കോടതിയിൽ അപ്പീൽ നൽകാമെന്ന് പട്ടാളക്കോടതി അറിയിച്ചു.
Content Highlights: Former ISI Director General Faiz Hameed sentenced to 14 years rigorous imprisonment by Pakistan military court for violating army laws.