ഒലീവ് തോട്ടങ്ങളിലെ ക്രൂരത നേരിൽ കാണാനെത്തി; യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഇസ്രയേലി കുടിയേറ്റക്കാരുടെ മർദനം

ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ മുഖംമൂടി ധരിച്ച ഇസ്രയേലി കുടിയേറ്റക്കാർ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അടങ്ങിയ സംഘത്തെ ആക്രമിച്ചു. ബെൽജിയം കോൺസൽ ജനറലിനും മറ്റു നയതന്ത്ര പ്രതിനിധികൾക്കുംനേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. അക്രമത്തെ അപലപിച്ച ബെൽജിയം, കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്.) അന്വേഷണമാരംഭിച്ചു. അതേസമയം തുടക്കത്തിൽതന്നെ ഒരു നിഗമനത്തിലേക്ക് പോവരുതെന്നും ഒരുപക്ഷേ, ഇസ്രയേലിനെ അപകീർത്തിപ്പെടുത്താനുള്ള ഏകോപിത നീക്കത്തിന്റെ ഭാഗമായിരിക്കാം ഇതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്കു സമീപമുള്ള ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമമായ തയ്യിബെയിൽ ശനിയാഴ്ചയാണ് സംഭവം. ബെൽജിയം, ഫ്രാൻസ്, പോളണ്ട്, കത്തോലിക്ക സഭ എന്നിവയുടെ പ്രതിനിധികളടങ്ങിയ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതായിരുന്നു. ഒലീവ് വിളവെടുക്കാനെത്തുന്ന പലസ്തീനികൾക്കുനേരെ ഇസ്രയേലി കുടിയേറ്റക്കാർ ദിവസേനയെന്നോണം നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. മുഖംമൂടി ധരിച്ച കുടിയേറ്റക്കാർ നയതന്ത്ര സംഘത്തിന്റെ വാഹനവ്യൂഹത്തെ തടയുന്നത് സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിലുണ്ട്. വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഫ്രാൻസിൽനിന്നുള്ള മേയർ ബെർണാഡ് ബോഡു ഉൾപ്പെടെ ആക്രമണത്തിനിരയായി. കുടിയേറ്റക്കാർ ചവിട്ടുകയും ഇരുമ്പുവടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി മേയർ പറഞ്ഞു. 'ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തിന്റെ സ്വഭാവമാണ് എന്നെ ഞെട്ടിക്കുന്നത്. അവർ അതീവ രോഷത്തോടെയാണെത്തിയത്. ഇവിടെ സംഭവിക്കുന്നതെന്താണെന്ന് ലോകംമുഴുവൻ അറിയണം. ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങിയാൽ എനിക്ക് എല്ലാം സാധാരണപോലെയാവും. എന്നാൽ ഇവിടെ തുടരുന്നവരാണ് ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കുന്നത്' -ബോഡു പറഞ്ഞു.
ആക്രമണത്തെ ബെൽജിയം വിദേശകാര്യമന്ത്രി മാക്സിം പ്രെവോ അപലപിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കേണ്ട ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് അദ്ദേഹം പറഞ്ഞു. 'പലസ്തീനികൾ എല്ലാദിവസവും ഇത്തരം അക്രമങ്ങൾ നേരിടുകയാണ്. ഇവ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും നയതന്ത്ര പ്രതിനിധികളും കുടിയേറ്റക്കാരുടെ ലക്ഷ്യമാകുന്നു. ഒലിവ് വിളവെടുക്കുന്നതോ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതോ നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതോ ആരെയും ആക്രമണഭീഷണിയിലാക്കാൻ പാടില്ല,' -പ്രെവോ പറഞ്ഞു.
അതിനിടെ ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സർ സംഭവത്തിൽ അപലപിച്ചു. 'ഇസ്രയേലി കലാപകാരികൾ' നടത്തിയ അക്രമത്തെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ അംബാസഡർമാരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സന്ദർശനത്തിന് മുൻപ് ഐ.ഡി.എഫിനെ അറിയിച്ചിരുന്നില്ലെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഐ.ഡി.എഫും അപലപിച്ചു. വിഷയത്തിൽ ഇസ്രയേൽ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും അന്വേഷണമാരംഭിച്ചു.
Content Highlights: European diplomats from Belgium, France, Poland, and the Catholic Church were attacked by masked Israeli settlers in Taybeh, West Bank., The delegation was assessing the situation regarding daily settler attacks on Palestinians during the olive harvest. The Israeli Prime Minister's office urged caution, suggesting a potential campaign to smear Israel, while the IDF and foreign ministry condemned the violence.