ഖൈബർ പഖ്തുൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാക് ഭരണകൂടം; അവസാനത്തെ പിടിഐ സർക്കാരും പുറത്ത്

ഇസ്ലാമാബാദ്: മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിന് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താനിലെ ഷഹബാസ് ഷരീഫ് സർക്കാർ. ഖൈബർ പഖ്തുൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഗവർണറുടെ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ അധികാരത്തിലിരുന്ന അവസാനത്തെയിടത്തുനിന്നും പിടിഐ പുറത്തായി.
ഷഹബാസ് സർക്കാരിന്റെ തീരുമാനത്തിന് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകാരം നൽകിയതോടെ ഖൈബർ പഖ്തുൺഖ്വയിൽ അടിയന്തരാവസ്ഥ പ്രാബല്യത്തിലായി. ഭീകരപ്രവർത്തനങ്ങൾ വർധിക്കുന്നതും ഭരണഘടനാപരമായ സംവിധാനങ്ങളുടെ തകർച്ചയും ചൂണ്ടിക്കാണിച്ചാണ് നടപടി.
പിടിഐയും ഷഹബാസ് ഷരീഫ് സർക്കാരും തമ്മിലുള്ള സംഘർഷത്തിന് കടുപ്പംകൂട്ടുന്നതാണ് ഇപ്പോഴത്തെ നടപടി. പ്രതിഷേധക്കാർ നിയമം കയ്യിലെടുക്കരുതെന്ന് ഷഹബാസ് സർക്കാർ നിയമിച്ച പ്രവിശ്യാ ഗവർണർ മുന്നറിയിപ്പ് നൽകി. അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയേയും പ്രവിശ്യാ പാർട്ടി പ്രസിഡന്റ് ജുനൈദ് അക്ബറിനെയും അറസ്റ്റ് ചെയ്‌തെന്ന് പിടിഐ നേതാക്കൾ ആരോപിച്ചു.
ഇമ്രാൻ ഖാനെ ജയിൽമോചിതനാക്കണമെന്ന ആവശ്യവുമായി ഖൈബർ പഖ്തുൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയുടെ നേതൃത്വത്തിൽ ലോങ് മാർച്ചിന് പിടിഐ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
Content Highlights: Emergency and Governor's rule declared in Khyber Pakhtunkhwa by the Shehbaz Sharif government., PTI loses its last remaining provincial government in Pakistan., Chief Minister Sohail Afridi and provincial party president Junaid Akbar reportedly arrested., Action taken amidst PTI's preparations for a long march demanding Imran Khan's release.