മകനെ വേണമെന്ന് മസ്‌ക്, ഗ്രോക്കിനും എക്‌സിനുമെതിരെ കേസ് കൊടുത്ത് ആഷ്‌ലി സെന്റ് ക്ലെയർ

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത സമയത്തുള്ള തന്റെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ചതിന് ടെക് ഭീമൻ ഇലോൺ മസ്‌കിന്റെ മകൻ റോമുലസിന്റെ അമ്മയും എഴുത്തുകാരിയുമായ ആഷ്ലി സെന്റ് ക്ലെയർ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് കമ്പനിയായ ഗ്രോക്കിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പരാതി നൽകി. ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിലാണ് മസ്‌കിന്റെ തന്നെ കമ്പനിയായ ഗ്രോക്കിനെതിരെ ആഷ്‌ലി പരാതി നൽകിയത്.
എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് തന്റെ സ്വകാര്യ ചിത്രങ്ങൾ സൃഷ്ടിച്ചതായി ആഷ്‌ലി ആരോപിക്കുന്നു, അതിലൊന്ന് താൻ പ്രായപൂർത്തിയാകാത്ത കാലത്തുള്ളതാണ്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സി(മുൻപ് ട്വിറ്റർ) ൽ സംയോജിപ്പിച്ചിരിക്കുന്ന എഐ ടൂൾ സ്വകാര്യ ചിത്രങ്ങൾ നിർമ്മിക്കുന്നത് നിർത്തുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് ഇപ്പോഴും തുടരുന്നതായി അവർ അവകാശപ്പെടുന്നു.
ഒരു വയസ്സുള്ള മകന്റെ പൂർണ്ണ സംരക്ഷണാവകാശം ആവശ്യപ്പെടുമെന്ന് ഇലോൺ മസ്‌ക് പറഞ്ഞതിന് ദിവസങ്ങൾക്കകമാണ് ആഷ്‌ലി കേസ് ഫയൽ ചെയ്തത്. 'ഒരു വയസ്സുള്ള കുട്ടിയെ ലിംഗമാറ്റം നടത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നതിനാൽ ഇന്ന് ഞാൻ പൂർണ്ണ സംരക്ഷണാവകാശത്തിനായി ഫയൽ ചെയ്യും' എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്.
സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് തന്നോടു പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായി അക്കൗണ്ട് വരുമാനരഹിതമാക്കുകയും ഏറ്റവും ആഭാസകരമായ, കുട്ടിക്കാലത്തേത് ഉൾപ്പെടെയുള്ള, നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തു' എന്ന് ആഷ്ലി സെന്റ് ക്ലെയർ പരാതിയിൽ പറയുന്നു.
ഈ ചിത്രങ്ങൾ അനുമതിയില്ലാത്തതാണെന്ന് മാത്രമല്ല, താൻ ഈ ചിത്രങ്ങളുടെ നിർമ്മാണത്തിനോ പ്രചാരണത്തിനോ സമ്മതിക്കുന്നില്ലെന്ന് എക്‌സിനും ഗ്രോക്കിനും വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ആഷ്‌ലി ആരോപിക്കുന്നു. അവ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നെങ്കിലും അതു സംഭവിച്ചില്ല.
'ഗ്രോക്ക് ന്യായമായ സുരക്ഷയുള്ള ഉൽപ്പന്നമല്ല. അത് പൊതുശല്യമാണ്. ആഷ്ലി സെന്റ് ക്ലെയറിനേക്കാൾ കൂടുതൽ അപമാനംആരും അനുഭവിച്ചിട്ടില്ല. ഗ്രോക്ക് അനുമതിയില്ലാതെ അപമാനകരമായ ചിത്രങ്ങൾ സൃഷ്ടിച്ച് എക്‌സിൽ പ്രസിദ്ധീകരിച്ച് ഉപദ്രവിച്ചതിനാലാണ് ആഷ്ലി കേസ് ഫയൽ ചെയ്തത്.' ആഷ്ലിയുടെ അഭിഭാഷകയായ കാരി ഗോൾഡ്ബെർഗ് പറഞ്ഞു.
Content Highlights: Ashley Saint Claire, mother of Elon Musk`s son, files lawsuit against AI company Grok and X (formerly Twitter) for creating explicit, non-consensual AI-generated images, including underage content. Seeking damages and account restoration.