എൽ മെഞ്ചോ എന്ന വൻമരവും വീണു, കുടുംബമൊന്നാകെ ജയിലിൽ; തകർന്ന് വീണ ക്രിമിനൽ സാമ്രാജ്യം

#ന്യൂസ് ഡെസ്ക്
ജെസീക്ക ജൊഹന്ന ഒസെഗ്വേര, എല്‍ മെന്‍ചോ | Photos: X
ജെസീക്ക ജൊഹന്ന ഒസെഗ്വേര, എല്‍ മെന്‍ചോ | Photos: X

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരി കടത്ത് സംഘങ്ങളിലൊന്നായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) സ്ഥാപകനും തലവനുമായ എൽ മെഞ്ചോ എന്നറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗ്വേര സെർവാന്റസിനെ വധിച്ചതോടെ ആ ലഹരി സാമ്രാജ്യത്തിനും അന്ത്യമാകുകയാണോ. ഫെബ്രുവരി 22-ന് മെക്‌സിക്കോയിലെ തപാൽപയിൽ നടന്ന റെയ്ഡിനിടെയാണ് ഇയാളുടെ സംഘവും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മാരകമായി പരിക്കേറ്റ എൽ മെഞ്ചോയെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. എൽ മെഞ്ചോയുടെ മരണത്തോടെ ഇയാളുടെ കുടുംബാംഗങ്ങൾ നയിച്ചിരുന്ന ലഹരി സാമ്രാജ്യവും തകർച്ചയിലാണ്‌.

നേരത്തെ ഇയാളുടെ കുടുംബാംഗങ്ങളും നിയമ നടപടികൾ നേരിട്ടിരുന്നു. സിജെഎൻജെ കാർട്ടലിന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇയാളുടെ മകനും മകളും സഹോദരനും നേരിട്ട് പങ്കാളികളായിരുന്നു. മകൻ റൂബൻ ഒസെഗ്വേര ഗോൺസാലസ് എന്ന എൽ മെഞ്ചിറ്റോ, മകൾ ജെസീക്ക ജോഹന്ന, സഹോദരൻ അന്റോണിയോ തുടങ്ങിയവരാണ് നിലവിൽ നിയമ നടപടികൾ നേരിടുന്നവരിൽ പ്രധാനികൾ. ഇയാളുടെ കുടുംബമൊന്നാകെ തടവറയിലായിരിക്കുകയാണ്. റൂബൻ ഒസെഗ്വേര ഗോൺസാലസ് എന്ന എൽ മെഞ്ചിറ്റോയ്ക്ക് ലഹരി കടത്ത് കേസുകളിൽ ജീവപര്യന്തം തടവും അധികമായി 30 വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ലഹരി കടത്തിലൂടെ സമ്പാദിച്ച ഏകദേശം 6 ബില്യൺ ഡോളറിലധികം തുക പിഴയായും ഇയാൾ നൽകണം. ലഹരിക്കടത്തിൽ ശിക്ഷിക്കപ്പെട്ട എൽ മെഞ്ചിറ്റോതന്റെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും, കൂടാതെ വലിയ മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയിലെ പങ്കാളിത്തത്തിന് അധികമായി 30 വർഷവും തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് നേരിടുന്ന ഫെന്റനൈൽ എന്ന ലഹരിമരുന്ന് പ്രതിസന്ധിക്ക് തുടക്കമിട്ടതിൽ പ്രധാന പങ്കുവഹിച്ചത് ഇയാളാണെന്ന് പറയപ്പെടുന്നു.

മകൾ ജെസീക്ക ജോഹന്നയ്ക്ക് നേരത്തെ ലഹരി കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് 30 മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇവരെ പിന്നീട് കാലാവധി പൂർത്തിയാകുന്നതിന് മുൻപേ വിട്ടയച്ചു. എൽ മെഞ്ചോയ്ക്ക് പകരക്കാരിയായി കാർട്ടലിന്റെ തലപ്പത്തേക്ക് വരുമെന്ന് പറഞ്ഞുകേട്ട പേരുകളിലൊന്നാണ് ജെസീക്ക ജോഹന്ന. നിലവിൽ ജയിലിന് പുറത്താണ് എന്നതാണ് ഇവരെ കാർട്ടലിന്റെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിലേക്ക് എത്തിച്ചത്. എന്നാൽ എൽ മെഞ്ചോയുടെ മരണത്തോടെ ഛിന്നഭിന്നമായേക്കാവുന്ന കാർട്ടലിനെ എങ്ങനെ ഇവർ നിയന്ത്രിക്കുമെന്നത് അന്വേഷണ ഏജൻസികൾ ഉറ്റുനോക്കുന്നുണ്ട്. എൽ മെഞ്ചോയുടെ മരണത്തോടെ കാർട്ടലിന്റെ പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് ഇവർ കരുതുന്നത്. അല്ലെങ്കിൽ പുതിയൊരു കാർട്ടലിന്റെ ഉദയമുണ്ടാകണം.

എൽ മെഞ്ചോയുടെ സഹോദരൻ അന്റോണിയോ നിലവിൽ യുഎസിൽ തടവറയിലാണ്. സുരക്ഷാ സേനയുടെ പിടിയിലാകുന്നതിൽ നിന്ന് രക്ഷപ്പെടാനായി ഇയാൾ മരിച്ചതായി വ്യാജരേഖയുണ്ടാക്കുകയും യുഎസിലേക്ക് രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ 2022ൽ ഇയാൾ യുഎസിൽ പിടിയിലായി. 20 വർഷത്തിലേറെയായി മയക്കുമരുന്ന് കടത്തിന് പിന്നിൽ ഇയാൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കൊക്കെയ്ൻ, മെത്താംഫിറ്റമിൻ എന്നിവ വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

എൽ മെഞ്ചോയുടെ അളിയനായ ലോസ് ക്വിനിസ്, കാർട്ടെലിൽ ഒരു വലിയ പങ്കുവഹിച്ചയാളാണ്. ഇയാളും മയക്കുമരുന്ന് കടത്തിന് യുഎസിൽ ശിക്ഷ നേരിട്ടുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്തിനായി ഇയാൾ അന്തർവാഹിനികൾ വരെ ഉപയോഗിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. 2017ൽ ബ്രസീലിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് യുഎസിന് കൈമാറിയ ലോസ് ക്വിനിസിനെ 30 വർഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്.

മരുമകൻ ക്രിസ്റ്റ്യൻ ഫെർണാണ്ടോ ഗുട്ടറസ്-ഒച്ചോവയും മെക്‌സിക്കോയിലെ അധികാരികളിൽ നിന്ന് രക്ഷപ്പെടാൻ മരിച്ചതായി വ്യാജരേഖയുണ്ടാക്കി, സ്വന്തം ശവമടക്ക് വരെ നടത്തിയ ആളാണ്. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കലിന് 140 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2025ലാണ് ഇയാൾ പിടിയിലാകുന്നത്. കാർട്ടലിന് വേണ്ടി മയക്കുമരുന്ന് കടത്തിലൂടെ നേടിയ പണം വെളുപ്പിക്കലായിരുന്നു ഇയാളുടെ പ്രധാന ചുമതല. യുഎസിൽ ആഡംബര ജീവിതമായിരുന്നു ഇയാളുടേത്.

Content Highlights: Nemesio Oseguera Cervantes, `El Mencho,` leader of the Jalisco New Generation Cartel (CJNG), is dead following a Mexican security forces operation. His family also faces charges.