‘ഏറ്റവും അനുയോജ്യൻ’; ഡാന വൈറ്റിനെ പ്രസ് സെക്രട്ടറിയാവാൻ ക്ഷണിച്ച് ട്രംപ്, ‘വേറെ ജോലിയുണ്ടെന്ന്’ മറുപടി, ക്ഷണം നിരസിച്ചു

വാഷിങ്ടൺ: അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് (UFC) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാന വൈറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ക്ഷണിച്ച് ട്രംപ്. ഒരു മാധ്യമപരിപാടിക്കിടെയായിരുന്നു ഡാന വൈറ്റിനുള്ള അസാധാരണക്ഷണം. വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂം കൈകാര്യം ചെയ്യാൻ ആവശ്യമായ എല്ലാത്തരം കഴിവുകളും ഡാനയ്ക്കുണ്ടെന്ന് ട്രംപ് പുകഴ്ത്തുകയും ചെയ്തു. ഭരണകൂടത്തിന്റെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഡാന വൈറ്റാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഡാന വൈറ്റ് ട്രംപിന്റെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.
മിക്സഡ് മാർഷ്യൽ ആർട്സ് രംഗത്തെ പ്രമുഖ കമ്പനിയാണ് യു.എഫ്.സി. കമ്പനിയുടെ സി.ഇ.ഒ ആയ ഡാന വൈറ്റിന്റെ
മൂർച്ചയേറിയ ആശയവിനിമയ ശൈലിയെയും മാധ്യമ പരിജ്ഞാനത്തെയുമാണ് ട്രംപ് പ്രശംസിച്ചത്. സമ്മർദ്ദ സാഹചര്യങ്ങളെ പോലും വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കഴിവുള്ളതിനാലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥനമേറ്റെടുക്കാൻ ട്രംപ് പരസ്യമായി അഭ്യർഥിച്ചത്. എന്നാൽ ട്രംപിന്റെ ക്ഷണം പ്രശംസനീയമാണെങ്കിലും തനിക്ക് അതിന് താൽപര്യമില്ലെന്നായിരുന്നു ഡാനയുടെ പ്രതികരണം.
മിക്സഡ് മാർഷ്യൽ ആർട്സ്രംഗത്ത് തന്നെ തുടർന്ന് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ട്രംപ് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിച്ച വൈറ്റ്, യുഎഫ്സി ഒക്റ്റഗൺ ഉപേക്ഷിച്ച് രാഷ്ട്രീയ വേദികളിലേക്ക് വരാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കി. ട്രംപുമായി ദീർഘകാലത്തെ വ്യക്തിബന്ധവും സൗഹൃദവുമുണ്ട്. എന്നാൽ അതൊരിക്കലും രാഷ്ട്രീയലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മുൻനിര സ്പോർട്സ് സംഘടനയായ യു.എഫ്.സിയെ നയിക്കാൻ തന്റെ മുഴുവൻ സമയവും ശ്രദ്ധയും അധ്വാനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപുമായി ദശാബ്ദങ്ങൾ പഴക്കമുള്ള ആഴത്തിലുള്ള ബന്ധമാണ് ഡാന വൈറ്റിനുള്ളത്. യുഎഫ്സിയുടെ ആദ്യഘട്ടങ്ങളിൽ
മത്സരങ്ങൾക്ക് പ്രധാന സ്റ്റേഡിയങ്ങളിൽ അനുമതി നൽകിയിരുന്നില്ല. എന്നാൽ അറ്റ്ലാന്റിക് സിറ്റിയിലെ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അവസരം നൽകിക്കൊണ്ട് ട്രംപ് ഡാനയെ പിന്തുണച്ചിരുന്നു. തിരിച്ച്, വർഷങ്ങളായി റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനുകളിൽ പ്രമുഖ പ്രാസംഗികനായി പങ്കെടുത്ത്, ട്രംപിന്റെ മികവിനെ പ്രശംസിച്ച് ഡാന വൈറ്റും ഈ പിന്തുണ തിരിച്ചുനൽകിയിട്ടുണ്ട്.
Content Highlights: Donald Trump publicly invited UFC CEO Dana White to serve as the White House Press Secretary., Trump praised Dana White's communication skills and ability to handle high-pressure situations., Dana White politely declined the offer, stating he wants to continue leading the UFC., Both share a long-standing friendship spanning decades, but White prefers sports over politics.