മോദിയടക്കമുള്ളവര്‍ നഗരത്തിലെ ടെന്റുകളോ റോഡിലെ കുഴികളോ കാണരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു- ട്രംപ്

മോദിയും ട്രംപും | Photo : PTI
മോദിയും ട്രംപും | Photo : PTI

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ നഗരത്തിലെ ടെന്റുകളോ ചുവരെഴുത്തുകളോ അവർ കാണരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനോഹരമായിട്ടാണ് രാജ്യതലസ്ഥാനം കാണപ്പെടേണ്ടതെന്നും കുറ്റകൃത്യങ്ങളിലാത്ത ഒന്നായി വാഷിങ്ടണ്‍ നഗരത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഫെബ്രുവരി 12, 13 തീയതികളില്ലാണ് നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്. 

'ഇന്ത്യന്‍ പ്രധാനമന്ത്രി മോദി, ഫ്രഞ്ച് പ്രസിഡന്റ്, യു.കെ. പ്രധാനമന്ത്രി തുടങ്ങിയവര്‍ കഴിഞ്ഞ ആഴ്ചകളില്‍ സന്ദര്‍ശനം നടത്തി. അവര്‍ ഇവിടെയുള്ള ടെന്റുകളോ ചുവരെഴുത്തുകളോ കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. റോഡുകളിലെ കുഴികളും കാണരുത്. മനോഹരമായിട്ടാണ് നഗരം കാണപ്പെടുന്നതെന്ന് ഉറപ്പുവരുത്തി.' - ട്രംപ് പറഞ്ഞു.

കുറ്റകൃത്യങ്ങളിലാത്ത ഒന്നായി ഈ നഗരത്തെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ ശ്രമമെന്നും സന്ദര്‍ശകര്‍ ഒരുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ആളുകള്‍ ഇവിടേക്ക് വരുമ്പോള്‍ അവര്‍ കവര്‍ച്ച ചെയ്യപ്പെടാനോ വെടിയേല്‍ക്കാനോ ബലാത്സംഗം ചെയ്യപ്പെടാനോ പാടില്ല. കുറ്റകൃത്യങ്ങളില്ലാത്ത ഒരു തലസ്ഥാനമായിരിക്കണം. അത് അടുത്തുതന്നെ സാധ്യമാകും.'

'ഞങ്ങള്‍ ഞങ്ങളുടെ നഗരം വൃത്തിയാക്കുകയാണ്. ഈ വലിയ തലസ്ഥാനം വൃത്തിയാക്കാന്‍ പോകുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഒരിക്കലും നിലകൊള്ളില്ല. ഞങ്ങള്‍ ചുവരെഴുത്തുകള്‍ നീക്കാന്‍ പോകുകയാണ്. ടെന്റുകള്‍ നേരത്തേ നീക്കിക്കഴിഞ്ഞു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് ഇത് ചെയ്യുന്നത്.'- ട്രംപ് പറഞ്ഞു. 

വാഷിങ്ടണ്‍ നഗരത്തിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മേയര്‍ മുരിയല്‍ ബൗസറെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ലോകം ചര്‍ച്ച ചെയ്യുന്ന രീതിയിലുള്ള തലസ്ഥാനമാണ് വേണ്ടതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

Content Highlights: Donald Trump says he ordered Washington DC cleanup before Modis US visit