‘ഇറാനെതിരായ യുദ്ധം ജയിക്കുന്നതിൽ നിന്ന് ഇത് പിന്തിരിപ്പിക്കില്ല’; വെടിവെപ്പിന് പിന്നാലെ ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയ്ക്കായി കുറേയെറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ളവരെയാണ് അക്രമികൾ ലക്ഷ്യമിടുന്നതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം സംഭവത്തിന് ഇറാനെതിരായ യുദ്ധവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോൾ തോമസ് അലൻ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമാണ് ഇയാളെന്നാണ് വിവരം.
"ഞാൻ ബഹുമാനത്തോടെ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾക്കുനേരെ ഇങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കുന്നത്?"- സംഭവത്തിന് പിന്നാലെ ഒരു റിപ്പോർട്ടർ ട്രംപിനോട് ചോദിച്ചു. മുൻ യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ പേരടക്കം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപ് മറുപടി പറഞ്ഞത്.
"നിങ്ങൾക്കറിയാമല്ലോ, ഞാൻ വധശ്രമങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തികളെ, ഏറ്റവുമധികം കാര്യങ്ങൾ ചെയ്യുന്ന ആളുകളെ നോക്കൂ, നിങ്ങൾ എബ്രഹാം ലിങ്കണെ നോക്കൂ...ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ആളുകൾ, അവരെയാണ് അവർ ലക്ഷ്യമിടുന്നത്. - ട്രംപ് പറഞ്ഞു.
"അതിൽ എനിക്ക് ബഹുമാനമുണ്ടെന്ന് പറയാൻ വിഷമമുണ്ട്. പക്ഷേ ഞാൻ ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഈ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷിക്കാത്ത ധാരാളം ആളുകളുണ്ട്. അതിനാൽ അതാണ് ഉത്തരമെന്ന് ഞാൻ കരുതുന്നു. - ട്രംപ് വ്യക്തമാക്കി.
സംഭവത്തിന് ഏതെങ്കിലും തരത്തിൽ ഇറാനിയൻ ബന്ധമുണ്ടോയെന്ന് മറ്റൊരു മാധ്യമപ്രവർത്തകൻ ചോദിച്ചു. ഇറാൻ യുദ്ധവുമായോ ഇസ്ലാമാബാദിൽ നടന്ന ചർച്ചയുടെ പരാജയവുമായോ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ ഈ ഘട്ടത്തിൽ അങ്ങനെ കരുതുന്നില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. താൻ അങ്ങനെ കരുതുന്നില്ലെന്നും കൂടുതൽ അന്വേഷണം നത്തിവരികയാണെന്നും ട്രംപ് മറുപടി നൽകി. എന്നാൽ ഇറാനെതിരായ യുദ്ധം ജയിക്കുന്നതിൽ നിന്ന് ഈ സംഭവം തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇത് ഇറാനിലെ യുദ്ധം ജയിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കില്ല. ഇതിന് ഇറാൻ യുദ്ധവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. ഇപ്പോൾ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ എനിക്ക് അങ്ങനെ തോന്നുന്നില്ല" - ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റ് കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വൈറ്റ്ഹൗസ് ലേഖകരായ മാധ്യമപ്രവർത്തരാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.
Content Highlights: President Trump addressed the shooting incident during the White House Correspondents Dinner., Cole Thomas Allen, a teacher and video game developer, was arrested in connection with the incident., Trump compared the situation to historical figures like Abraham Lincoln, suggesting high-impact leaders are targets., Trump dismissed initial links to Iran and confirmed the incident will not deter his administration's policy goals., Secret Service successfully secured the President, Vice President JD Vance, and cabinet members.