ഇറാനെ തകർത്തെറിയണോ അതോ കരാറിലെത്തണോ? തീരുമാനം ഉടൻ; യു.എന്നിൽ മുന്നറിയിപ്പുമായി ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു | Photo: PTI
ഡൊണാൾഡ് ട്രംപ് യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു | Photo: PTI

ന്യൂയോർക്ക്: ഇറാന്റെ ഭാവി സംബന്ധിച്ച് നിർണായകമായ ഒരു വലിയ തീരുമാനം കൈക്കൊള്ളേണ്ട ഘട്ടത്തിലാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ഇറാനുമായി പുതിയൊരു സമാധാന കരാറിലെത്തി രാജ്യത്തെ പുനർനിർമിക്കാൻ അവസരം നൽകണമോ, അതോ അവരെ പൂർണ്ണമായി തകർത്തെറിയണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയ്യാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 3-ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഇറാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് പ്രസംഗിക്കാൻ തുടങ്ങിയതോടെ യു.എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒരാൾ മാത്രമാണ് സീറ്റിൽ തുടർന്നത്. ഇറാനെതിരായ സൈനിക ആക്രമണങ്ങൾ വീണ്ടും പുനരാരംഭിക്കണമോ അതോ മറ്റ് വഴികൾ തേടണമോ എന്ന കാര്യത്തിൽ താൻ നിർണായക ഘട്ടത്തിലാണെന്ന് ട്രംപ് അടുത്തിടെ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എൻ വേദിയിലും അദ്ദേഹം നിലപാട് ആവർത്തിച്ചത്.

Content Highlights: Donald Trump addresses the UN General Assembly regarding Iran's future., Trump states he must decide between a new peace deal or destroying Iran completely., Expects to reach a deal with Iran after the US midterms on November 3., Iranian delegation walked out of the UN assembly during Trump's speech.