റഷ്യയും യുക്രൈനും തമ്മിൽ ‘എനർജി സീസ്ഫയർ’ നിലവിൽവന്നെന്ന് ട്രംപ്; തനിക്കിത് പുതിയ വാർത്തയെന്ന് സെലൻസ്‌കി

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള വെടിനിർത്തൽ നിലവിൽവന്നെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം.
'റഷ്യയും യുക്രെെനും തമ്മിലുള്ള യുദ്ധത്തിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം ‘എനർജി സീസ്ഫയർ’ (ഊർജമേഖലയുമായി ബന്ധപ്പെട്ട വെടിനിർത്തൽ) നിലവിൽ വരുന്നു. ഇരു കക്ഷികളും ഇതിന് സമ്മതിച്ചിട്ടുണ്ട്. ഇത് ലംഘിക്കരുത്’, എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
ഇരുരാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ കുറച്ചുകാലമായി നടത്തിവരികയായിരുന്നു. ഇത് നിർത്തിവെക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം തനിക്ക് പുതിയ വാർത്തയാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി രാജ്യാന്തര മാധ്യമമായ ആക്‌സിയോസിനോടു പറഞ്ഞു. 'ഊർജമേഖലയുമായി ബന്ധപ്പെട്ട വെടിനിർത്തലിന് റഷ്യ സമ്മതിക്കുകയാണെങ്കിൽ യുക്രൈനും സമ്മതിക്കും. പ്രസിഡന്റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുതിനുമായി ഇക്കാര്യം ചർച്ചചെയ്ത് ധാരണയിലെത്തിയതാണെങ്കിൽ, വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്ന് ഞങ്ങളെ അറിയിക്കുക. ഞങ്ങൾ തയ്യാറാണ്, അത് അംഗീകരിക്കുകയും ചെയ്യും’, സെലൻസ്‌കി കൂട്ടിച്ചേർത്തു.