ക്രിപ്റ്റോ കറൻസിയിലൂടെ 1.2 ബില്യൺ നേടി കുടുംബം; തന്റെ ഭരണത്തിൽ എല്ലാവരും ലാഭംകൊയ്യുകയാണെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

വാഷിങ്ടൺ: 2025-ൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടിയിലധികം രൂപ) കുടുംബം സമ്പാദിച്ചതിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകാലത്ത് രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനാൽ ‘എല്ലാവരും ലാഭം കൊയ്യുകയാണെന്ന്’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രസിഡന്റ് പദവി സ്വന്തം സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തു എന്ന വിമർശനങ്ങളെ ട്രംപ് തള്ളി. തന്റെ വരുമാനം 'ബ്ലൈൻഡ് ട്രസ്റ്റുകളിലാണ്' (വിശ്വസ്തനായ മൂന്നാം കക്ഷി) നിക്ഷേപിച്ചിരിക്കുന്നതെന്നും അതിനാൽ വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിൽ താൻ ഇടപെടാറില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ പണം കൈകാര്യം ചെയ്യുന്നവരുമായി സംസാരിക്കാറില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ സമ്പത്ത് മുൻകാല ബിസിനസ്സ് കരിയറിലെ വിജയത്തിന്റെ ഭാഗമാണെന്നാണ് ട്രംപിൻ്റെ അവകാശവാദം.

അതേസമയം, യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ട്രംപിന്റെ മക്കളും സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനും ചേർന്ന് സ്ഥാപിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' എന്ന സ്റ്റാർട്ടപ്പിൽനിന്ന് മാത്രം ട്രംപിന് 550 മില്യൺ ഡോളർ (5226 കോടി രൂപ) ലഭിച്ചു. കൂടാതെ, 2025 ജനുവരിയിൽ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ '$TRUMP' എന്ന ക്രിപ്റ്റോ കറൻസിയുടെ ലൈസൻസിങ് കരാറിലൂടെ 635 മില്യൺ ഡോളർ റോയൽറ്റി ഇനത്തിലും ലഭിച്ചിട്ടുണ്ട്.

ക്രിപ്റ്റോ മേഖലയിലെ ട്രംപിന്റെ ഇടപെടലുകൾ ആസ്തിയിൽ വൻ വർധനവുണ്ടാക്കിയതായാണ് വിവരം. ഫോർബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം 2024-ൽ 2.3 ബില്യൺ ഡോളറായിരുന്ന (ഏകദേശം 21,839 കോടി രൂപ) ട്രംപിൻ്റെ ആസ്തി 2026-ഓടെ 6.5 ബില്യൺ ഡോളറായി (ഏകദേശം 61,730 കോടി രൂപ) ഉയർന്നു. ഭരണത്തിലിരിക്കെ ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ട്രംപ് സ്വീകരിച്ച നടപടികൾ ഡിജിറ്റൽ ആസ്തികളുടെ വില വർധിക്കാൻ കാരണമായിരുന്നു. അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്റ്റോ തലസ്ഥാനം' ആക്കി മാറ്റിയതിൽ അഭിമാനിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

Content Highlights: Trump reports $1.2 billion in crypto-related earnings for 2026., Earnings linked to World Liberty Financial and $TRUMP token licensing., Trump's net worth increased from $2.3B in 2024 to $6.5B in 2026., White House declares US as the global 'crypto capital' under current policies., Trump denies conflict of interest, citing blind trusts.