ഗൾഫിലെ ഊർജവിതരണം നിലയ്ക്കും; ട്രംപിന്റെ പിന്മാറ്റത്തിന് പിന്നിൽ സൗദിയുടെ ഇടപെടൽ

വാഷിങ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിൽനിന്നു പിന്മാറിയത് സൈദിയുടെ ഇടപെടലിലൂടെയെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഇനി വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടന്ന നയതന്ത്ര നീക്കങ്ങളാണ് ട്രംപിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം ട്രംപിനെ നേരിട്ട് ഫോണിൽ വിളിക്കുകയും ഇറാനെതിരായ ആക്രമണ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൈനിക നടപടിയെക്കുറിച്ച് കൂടുതൽ വ്യക്തത തേടിയ സൗദി, നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനാണ് ട്രംപിനോട് ആവശ്യപ്പെട്ടത്. ഇറാനിലെ എണ്ണക്കമ്പനികളെ ലക്ഷ്യമിട്ടുള്ള ആക്രമണം മേഖലയിലാകെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അത് ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ വിതരണ സംവിധാനങ്ങളെ തകർക്കുമെന്നും സൗദി ചൂണ്ടിക്കാട്ടി.
മുഹമ്മദ് ബിൻ സൽമാന്റെ ഫോൺ സംഭാഷണത്തിന് മുൻപ് തന്നെ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയിലെ സമാധാനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വാൻസിനെ അറിയിച്ചു. സൗദിയെ കൂടാതെ ഖത്തർ, യു.എ.ഇ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളും ഇറാനും അമേരിക്കയ്ക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷം ഒഴിവാക്കാനും സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കൃത്യവും ശക്തവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് സഹായം നൽകുന്ന പ്രാദേശിക രാജ്യങ്ങളും തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights: US President Donald Trump has temporarily stepped back from military action against Iran following diplomatic intervention and a direct phone call from Saudi Crown Prince Mohammed bin Salman to prevent a major regional war.