ഹാര്‍വാര്‍ഡിനെതിരേ വീണ്ടും ട്രംപ്; പത്തുകോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം

വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ വീണ്ടും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍, സര്‍ക്കാര്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത നിലപാടാണ് ഹാര്‍വാര്‍ഡിനുള്ളത്. ഇതിനെ തുടര്‍ന്ന് സര്‍വകലാശാലയ്ക്കുള്ള, 200 കോടിയിലധികം ഡോളറിന്റെ സഹായധനം ട്രംപ് ഭരണകൂടം നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തുകോടി ഡോളറിന്റെ കരാറുകള്‍ മരവിപ്പിക്കാനുള്ള നീക്കംവരുന്നത്.
സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറല്‍ ഏജന്‍സികള്‍ക്ക്, ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്ത് ഉടന്‍ കൈമാറിയേക്കും. ഒന്‍പതോളം ഫെഡറല്‍ ഏജന്‍സികളുമായുള്ള കരാര്‍ ഇതോടെ ഹാര്‍വാര്‍ഡിന് നഷ്ടമാകുമെന്നാണ് സൂചന.
കാപ്പി കുടിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായുണ്ടായിരുന്ന 49,858 ഡോളറിന്റെ കരാര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിങ്ങിന് വേണ്ടി, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റുമായുള്ള 25,800 ഡോളറിന്റെ കരാര്‍ തുടങ്ങിയവയാകും ഹാര്‍വാര്‍ഡിന് നഷ്ടമാകുന്നതില്‍ ചിലത്.
Content Highlights: donald trump against harvard university