എബോള ഭീതി: ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങളുമായി ഡിജിസിഎ

#ന്യൂസ് ഡെസ്ക്
എബോള പ്രതിരോധ നടപടികളുടെ ഭാഗമായി കോംഗോയിലെ ആശുപത്രിയിൽ നടന്ന സ്ക്രീനിംഗ് | PHOTO: AFP
എബോള പ്രതിരോധ നടപടികളുടെ ഭാഗമായി കോംഗോയിലെ ആശുപത്രിയിൽ നടന്ന സ്ക്രീനിംഗ് | PHOTO: AFP

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഈ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാന യാത്രക്കാർക്കായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

അതിർത്തി കടന്നുള്ള രോഗവ്യാപനം തടയുന്നതിനും രോഗബാധ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാനാണ് പുതിയ നിർദേശം. ഇതനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി നിർബന്ധമായും ആരോഗ്യ സത്യവാങ്മൂലം സമർപ്പിക്കണം.

യാത്രയ്ക്കിടയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക്  വേണ്ടി പ്രത്യേക ഇരിപ്പിടങ്ങൾ വിമാനത്തിനകത്ത് ക്രമീകരിക്കണം. രോഗബാധയുള്ളവരെ തിരിച്ചറിയുന്നതിനും ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിനും വിമാനക്കമ്പനികൾ എയർപോർട്ട് ഹെൽത്ത് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തുന്ന എത്യോപ്യൻ എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, തുർക്കിഷ് എയർലൈൻസ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിവിധ അന്താരാഷ്ട്ര-ആഭ്യന്തര എയർലൈനുകൾക്ക് നിർദേശങ്ങൾ ബാധകമാണ്. 

അതിനിടെ, കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന അവലോകന യോഗത്തിൽ എബോളയെ നേരിടാൻ രാജ്യം സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തി കടക്കുന്ന സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവേശന കവാടങ്ങളിലും എബോള സ്ക്രീനിങ് സംവിധാനങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ആരോഗ്യ മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ടെസ്റ്റുകൾ, ട്രാക്ക് ചെയ്യൽ, നിരീക്ഷിക്കൽ തുടങ്ങിയവ ശക്തമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയോടും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Content Highlights: DGCA mandate for mandatory health declarations for travelers from Congo and Uganda., Airlines required to implement segregated seating for symptomatic passengers., Enhanced coordination between airlines and Airport Health Authorities., Proactive measures following reports of 900 suspected Ebola cases in the African region.