ലോസ് ആഞ്ജലീസ് ഭൂകമ്പം; റൺവേയിൽ ഇറങ്ങാനൊരുങ്ങി, പിന്നെ വീണ്ടും പറന്നുയർന്ന് വിമാനം | വീഡിയോ

#ന്യൂസ് ഡെസ്ക്
വിമാനം ലാൻഡിങ്ങിനായി എത്തുന്നതിന്റേയും വീണ്ടും പറന്നുയരുന്നതിന്റേയും ദൃശ്യങ്ങൾ | Photos: X
വിമാനം ലാൻഡിങ്ങിനായി എത്തുന്നതിന്റേയും വീണ്ടും പറന്നുയരുന്നതിന്റേയും ദൃശ്യങ്ങൾ | Photos: X

ലോസ് ആഞ്ജലീസ്: അമേരിക്കയിലെ തെക്കൻ കാലിഫോർണിയ തീരത്ത് ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ടത്. ലോസ് ആഞ്ജലീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ വിമാനം ഭൂകമ്പത്തെ തുടർന്ന് ലാൻഡിങ് റദ്ദാക്കി വീണ്ടും പറന്നുയർന്നു. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറിൽ (എടിസി) നിന്നുള്ള നിർദേശത്തെ തുടർന്നാണ് നിലംതൊടാനൊരുങ്ങിയ വിമാനം ഗോ എറൗണ്ട് ചെയ്തത്. ഡെൽറ്റ എയർലൈൻസിന്റെ വിമാനമായിരുന്നു ഇത്.

ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെയാണ് എടിസി ലാൻഡിങ് റദ്ദാക്കി വീണ്ടും പറക്കാൻ ഡെൽറ്റ വിമാനത്തിലെ പൈലറ്റിനോട് ആവശ്യപ്പെട്ടത്. വലിയ ഭൂകമ്പമാണെന്നും ലാൻഡിങ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡെൽറ്റ ഫ്‌ളൈറ്റ് 1972 ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും പറന്നുയരുകയായിരുന്നു. 'ഡെൽറ്റ 1972, തിരിച്ചുപറക്കൂ. ഡെൽറ്റ 1972, തിരിച്ചുപറക്കൂ. ഇവിടെ വലിയ ഭൂകമ്പമാണ്' എന്നായിരുന്നു കൺട്രോളറുടെ വാക്കുകൾ.

ഡെൽറ്റ വിമാനത്തിന്റെ ലാൻഡിങ് ഒഴിവാക്കാൻ എടിസി നൽകിയ നിർദേശത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. ഡെൽറ്റ വിമാനം ലാൻഡിങ് റദ്ദാക്കി പറന്നുയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളം.

യുഎസ് ജിയോളജിക്കൽ സർവേയിൽനിന്നുള്ള വിവരങ്ങൾ പ്രകാരം രാവിലെ 9:30-ഓടെയാണ് ഭൂകമ്പം ഉണ്ടായത്. കാലിഫോർണിയയിലെ മാൻഹട്ടൻ ബീച്ചിന്റെ തീരത്തുനിന്ന് ആറ് കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കടലിനോട് ചേർന്ന ഭാഗത്താണ് പ്രകമ്പനം ഉണ്ടായത്. ഇതിന്റെ ആഘാതമാണ് വിമാനത്താവളത്തിലും അനുഭവപ്പെട്ടത്.

ലോസ് ആഞ്ജലീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിനുള്ളിലെ ചില്ലുജാലകങ്ങൾ ഭൂകമ്പത്തിൽ തകർന്നു. കെട്ടിടം കുലുങ്ങുന്നതിന്റെയും ചില്ലുകൾ തകരുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, ഭൂകമ്പം വിമാനത്താവളത്തിലെ സർവീസുകളെ തടസ്സപ്പെടുത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഭൂകമ്പത്തെ തുടർന്ന് വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: Delta Flight 1972 executed an emergency go-around at Los Angeles International Airport after ATC warned of a 5.0 magnitude earthquake off Manhattan Beach that shattered terminal glass windows without causing injuries.