ചൈനയുമായി ഒപ്പിട്ടു, അടുത്തത് ഇന്ത്യയുമായി; വമ്പന്‍ വ്യാപാര കരാര്‍ വരുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായി കരാര്‍ ഒപ്പിട്ടുവെന്നും ഇന്ത്യയുമായി വമ്പന്‍ കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ സ്വപ്‌ന പദ്ധതിയായ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനേപ്പറ്റി സംസാരിക്കവേയാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനേക്കുറിച്ചാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'എല്ലാവര്‍ക്കും ഒരു കരാര്‍ ഉണ്ടാക്കാനും അതിന്റെ ഭാഗമാകാനും ആഗ്രഹമുണ്ട്. കുറച്ച് മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങള്‍ ചോദിച്ചത്, 'നിങ്ങള്‍ക്ക് കരാറിലേര്‍പ്പെടാന്‍ താത്പര്യമുള്ള ആരെങ്കിലും ഉണ്ടോ?' എന്നാല്‍ ഞങ്ങള്‍ ഇന്നലെ ചൈനയുമായി കരാര്‍ ഒപ്പുവെച്ചു. ഞങ്ങള്‍ക്ക് ചില വലിയ കരാറുകളുണ്ട്. ഒരും വലിയ ഡീല്‍ വരുന്നുണ്ട്, ഒരുപക്ഷേ ഇന്ത്യയുമായിട്ടാകാം-ട്രംപ് പറഞ്ഞു
യുഎസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. 'നമ്മള്‍ എല്ലാവരുമായും ഡീലുകള്‍ നടത്തില്ല. ചിലര്‍ക്ക് നമ്മള്‍ നന്ദി പറഞ്ഞുകൊണ്ട് ഒരു കത്തെഴുതും, നിങ്ങള്‍ 25, 35, 45 ശതമാനം നികുതി വരെ നല്‍കണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി, പക്ഷേ എന്റെ ആളുകള്‍ക്ക് അത് അങ്ങനെ ചെയ്യാന്‍ താല്‍പ്പര്യമില്ല. അവര്‍ക്ക് അതില്‍ കുറച്ചൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഡീലുകള്‍ ഉണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.
'പക്ഷേ നമുക്ക് മികച്ച ചില ഡീലുകളുണ്ട്. ഒരുപക്ഷേ ഇന്ത്യയുമായി ഒരു വലിയൊരു ഡീല്‍ വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് യു.എസ് കൂടുതല്‍ പ്രവേശനം നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈനീസ് വിപണിയിലും യു.എസിന് കൂടുതല്‍ ഇടപെടാനാകും. ഇതൊരിക്കലും നടക്കാന്‍ സാധിക്കില്ലെന്ന് കരുതിയിരുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു.
ജനീവയില്‍ വെച്ച് കഴിഞ്ഞമാസം നടന്ന ചര്‍ച്ചയിലാണ് യു.എസും ചൈനയും വ്യാപാര കരാറിന്റെ അന്തിമ കരടിലേക്ക് എത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന നികുതി യുദ്ധം ആഗോള വിപണിയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഒരുമാസത്തിനകം വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Deal Done With China, "Very Big One" Coming Up With India: Trump