US ഉപരോധം: ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് ക്യൂബ; സ്‌കൂളുകളും ആശുപത്രികളും അടച്ചു, തെരുവിലാകെ മാലിന്യം

ഹവാന: വെനസ്വേലയിൽനിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണ ലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ വൻ ഭീഷണി നേരിടുന്നതായാണ് റിപ്പോർട്ട്. ജനജീവിതം കടുത്ത ദുരിതത്തിലാണ്. ആരോഗ്യം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെയെല്ലാം പ്രതിസന്ധി ബാധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെനസ്വേലയിലെ സൈനിക നടപടികൾക്ക് പിന്നാലെയാണ് ഇവിടെനിന്ന് ക്യൂബയിലേക്കുള്ള എണ്ണവിതരണം യുഎസ് നിർത്തിവെച്ചത്. ഇതോടെ ക്യൂബയിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. രാജ്യത്ത് അവശേഷിക്കുന്ന എണ്ണശേഖരം തീർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നിലവിൽ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന എണ്ണ ക്യൂബയ്ക്ക് ആവശ്യമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഇത്രയും എണ്ണ നൽകാൻ തയ്യാറുള്ള സഖ്യകക്ഷികളൊന്നും ക്യൂബയ്ക്കില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്നനിലയിലേക്കാണ് ക്യൂബയിലെ സ്ഥിതിഗതികൾ നീങ്ങുന്നതെന്നാണ് വിവരം. രാജ്യത്തെ പല സ്‌കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കമ്പനികൾ തൊഴിലാളികൾക്ക് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. വിമാനസർവീസുകളെയും ഇന്ധനക്ഷാമം ബാധിച്ചു. റഷ്യയിൽനിന്നും കാനഡയിൽനിന്നുമുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ടൂറിസ്റ്റുകളുടെ വരവും നിലച്ചു. ടൂറിസം മേഖല സ്തംഭിച്ചനിലയിലാണ്. മിക്ക ഹോട്ടലുകളും അടച്ചുപൂട്ടി. ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ക്യൂബയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ധനക്ഷാമത്തെത്തുടർന്ന് ക്യൂബയിലെ പ്രശസ്തമായ ഹബാനോസ് സിഗാർ ഫെസ്റ്റിവൽ ഇത്തവണ റദ്ദാക്കിയിരുന്നു. ദ്വീപ് രാജ്യമായ ക്യൂബയ്ക്ക് വലിയതോതിൽ വരുമാനം നേടിത്തന്നിരുന്ന പരിപാടിയായിരുന്നു സിഗാർ ഫെസ്റ്റിവൽ.
രാജ്യത്തെ ഖനനപ്രവർത്തനങ്ങളും നിലവിൽ സ്തംഭിച്ചനിലയിലാണ്. ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിടുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള പല ആശുപത്രികളും സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. മാത്രമല്ല, മാലിന്യനീക്കം ഉൾപ്പെടെ നിലച്ചിതിനാൽ ഗുരുതരമായ ആരോഗ്യഭീഷണിയും നേരിടുന്നു.
ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ മാലിന്യശേഖരണത്തിനായി ഉണ്ടായിരുന്ന 106 ട്രക്കുകളിൽ 44 എണ്ണം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇന്ധനം ലഭിക്കാതായതോടെ മിക്ക വാഹനങ്ങളും കട്ടപ്പുറത്താണ്. പലയിടങ്ങളിലും പത്തുദിവസത്തിലധികമായി മാലിന്യനീക്കം സ്തംഭിച്ചതായാണ് പരാതി. തെരുവുകളിൽ മാലിന്യം കുന്നുകൂടിയ നിലയിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ക്യൂബയിൽ ഇന്ധനപ്രതിസന്ധി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ട രാജ്യമെന്ന് ക്യൂബയെ വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, സമ്പദ്‌വ്യവസ്ഥ തകരുന്നതിന് മുൻപ് ക്യൂബ ഒരു കരാറിലെത്തണമെന്നും ആവശ്യപ്പെട്ടു.
''അവിടെ എണ്ണയില്ല, പണമില്ല, ഒന്നുമില്ല'' എന്നായിരുന്നു കഴിഞ്ഞദിവസം ഡൊണാൾഡ് ട്രംപ് ക്യൂബയെക്കുറിച്ച് പറഞ്ഞത്. ക്യൂബയുമായി ചർച്ചനടത്താനുള്ള ശ്രമങ്ങൾക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ക്യൂബയിലേക്ക് എണ്ണനൽകുന്ന ഏതൊരു രാജ്യത്തിനുമേലും ഉപരോധം ഏർപ്പെടുത്താനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു.
അതേസമയം, അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡിഗ്രസ് പാരില്ല കുറ്റപ്പെടുത്തി. ഊർജപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, ദുരിതത്തിലായ ക്യൂബൻ ജനതയ്ക്ക് സഹായവുമായി മെക്‌സിക്കോ കഴിഞ്ഞദിവസങ്ങളിൽ രണ്ട് കപ്പലുകൾ ക്യൂബയിലേക്ക് അയച്ചിരുന്നു. ഐക്യരാഷ്ട്രസഭ വഴി ക്യൂബയിലേക്ക് സഹായം എത്തിക്കുമെന്ന് സ്‌പെയിനും അറിയിച്ചിട്ടുണ്ട്.
Content Highlights: US sanctions on Venezuela cripple Cuba`s economy, causing severe fuel shortages impacting health, tourism, transport, and education. Daily life is a struggle.