സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങളിൽ ഹൂതി ആക്രമണം; അസംസ്കൃത എണ്ണവില വീണ്ടും നൂറു ഡോളറിലേക്ക്

മുംബൈ: സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങളിൽ യെമെനിലെ ഹൂതികൾ ആക്രമണം നടത്തിയതിനെത്തുടർന്ന് അസംസ്കൃത എണ്ണവില വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില നൂറു ഡോളറിനടുത്തെത്തി.
ഒരു സമയത്ത് 99 ഡോളർ കടന്ന ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 98.71 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരമാണിത്. യു.എസ്. ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് വില 93.96 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ബ്രെന്റ് ക്രൂഡ് വിലയിൽ എട്ടു ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.
ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് യെമെൻ അതിർത്തിക്കടുത്ത് സൗദി അറേബ്യയുടെ ചില എണ്ണ ഖനന കേന്ദ്രങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തി. ഇതാണ് ചൊവ്വാഴ്ച വിലകൂടാൻ കാരണമായത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹൂതികളുടെ ആക്രമണം നടന്നതെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ചില എണ്ണപ്പാടങ്ങളിലും ഖനന സംവിധാനങ്ങളിലും തീപടർന്നതായും റിപ്പോർട്ടുണ്ട്.
അമേരിക്കയുടെയും ഇറാന്റെയും എണ്ണക്കപ്പലുകൾക്കുനേരേ തുടർച്ചയായി ആക്രമണം നടക്കുന്നത് ഹോർമുസ് കടലിടുക്കുവഴിയുള്ള എണ്ണനീക്കത്തെ ബാധിക്കുമെന്ന ആശങ്കകളും വിലവർധനയ്ക്കു പിന്നിലുണ്ട്. ശനിയാഴ്ച അമേരിക്ക ഹോർമുസിൽ മൂന്ന് ഇറാനിയൻ കപ്പലുകൾക്കുനേരേ ആക്രമണം നടത്തിയിരുന്നു. ഒരെണ്ണം ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപത്തുവെച്ചാണെന്നത് സ്ഥിതി ഗൗരവമുള്ളതാക്കുന്നു. ഇതിനു മറുപടിയായി ഇറാൻ അമേരിക്കൻ കപ്പലുകൾക്കു നേരേയും ആക്രമണം നടത്തിയിട്ടുണ്ട്.
Content Highlights: Brent crude oil prices neared $100 per barrel, reaching a six-week high of $98.71., Temporary shutdown of Saudi oil facilities following Houthi drone and missile attacks., Rising tensions in the Strait of Hormuz involving US and Iranian vessels impacting oil supply.