US വെടിവെപ്പ്; അക്രമി ലിസ്റ്റിൽനിന്ന് ഒഴിവാക്കിയത് കാഷ് പട്ടേലിനെമാത്രം, എല്ലാംവ്യക്തമാക്കി കുറിപ്പ്

വാഷിങ്ടൺ: വാഷിങ്ടണിലെ ഹിൽറ്റൻ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യംവെച്ച് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടൊറൻസിൽ നിന്നുള്ള എൻജിനിയറായ കോൾ തോമസ് അലൻ (31) ആണ് പിടിയിലായത്. ഇയാൾ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്.
പ്രതി, തന്റെ ലക്ഷ്യപ്പട്ടികയിൽ നിന്ന് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിനെ മാത്രമാണ് ഒഴിവാക്കിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അലന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു, അതെല്ലാം അയാൾ എഴുതി വെച്ചിരുന്നു. വെടിയുതിർക്കുന്നതിന് ഏകദേശം പത്ത് മിനിറ്റ് മുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച മാനിഫെസ്റ്റോയിൽ, താൻ ആരെയാണ് ലക്ഷ്യമിടുന്നത് എന്നും അലൻ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രംപ് ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ മുതലാണ് ഈ പട്ടിക തുടങ്ങുന്നത്. 'ഭരണകൂട ഉദ്യോഗസ്ഥർ, അവരാണ് എന്റെ ലക്ഷ്യങ്ങൾ, ഏറ്റവും ഉയർന്ന റാങ്കിലുള്ളവർ മുതൽ താഴോട്ടുള്ളവർക്ക് മുൻഗണന നൽകുന്നു.' അലന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഒരു പേര് മാത്രം അതിൽ ഉണ്ടായിരുന്നില്ല, എഫ്ബിഐ ഡയറക്ടർ കാഷ്പ പട്ടേൽ.
എന്നാൽ, എന്തുകൊണ്ടാണ് കാഷ് പട്ടേലിനെ തന്റെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ അലൻ തീരുമാനിച്ചത് എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ തന്റെ ന്യായീകരണവും മാനിഫെസ്റ്റോയിൽ അലൻ ഉൾപ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ ക്രൂരതകൾക്കെതിരെയുള്ള പോരാട്ടമായാണ് ഈ ആക്രമണത്തെ പ്രതി വിശേഷിപ്പിച്ചിരിക്കുന്നത്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും നിരപരാധികളുടെ മരണം കുറയ്ക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അല്ലൻ മാനിഫെസ്റ്റോയിൽ വിശദീകരിക്കുന്നുണ്ട്. രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും ഉൾപ്പെടെ മൂന്ന് ആയുധങ്ങളുമായാണ് അലൻ വാഷിങ്ടൺ ഹിൽട്ടണിൽ എത്തിയത്. താൻ തിരഞ്ഞെടുത്ത വെടിയുണ്ടകളെക്കുറിച്ചും അതിനുള്ള കാരണത്തെക്കുറിച്ചും അലൻ വിശദീകരിച്ചു.
'ഞാൻ ഒരു ഡിറ്റൻഷൻ ക്യാമ്പിൽ ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയല്ല. വിചാരണ കൂടാതെ വധിക്കപ്പെട്ട മത്സ്യത്തൊഴിലാളിയല്ല. ഞാൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു സ്‌കൂൾ കുട്ടിയോ, പട്ടിണി കിടക്കുന്ന കുട്ടിയോ, അല്ലെങ്കിൽ ഈ ഭരണകൂടത്തിലെ നിരവധി കുറ്റവാളികളാൽ ദുരുപയോഗം ചെയ്യപ്പെട്ട കൗമാരക്കാരിയോ അല്ല. മറ്റൊരാൾ അടിച്ചമർത്തപ്പെടുമ്പോൾ മറുപുറം കൂടി കാണിച്ചുകൊടുക്കുന്നത് ക്രൈസ്തവമായ പെരുമാറ്റമല്ല; അത് അടിച്ചമർത്തുന്നവന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നതിന് തുല്യമാണ്.' അലൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
'നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന്, സ്ലഗ്ഗുകൾക്ക് പകരം ഞാൻ ബക്ക്‌ഷോട്ടുകൾ ഉപയോഗിക്കും (ഭിത്തികളിലൂടെയുള്ള തുളച്ചുകയറൽ കുറവാണ്). ആവശ്യമെങ്കിൽ ലക്ഷ്യത്തിലെത്താൻ ഇവിടെയുള്ള മിക്കവാറും എല്ലാവരെയും മറികടന്ന് ഞാൻ മുന്നോട്ട് പോകും (ഒരു പീഡോഫൈലിന്റെയും, ബലാത്സംഗം ചെയ്തവന്റെയും, രാജ്യദ്രോഹിയുടെയും പ്രസംഗത്തിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ ആളുകൾ തീരുമാനിച്ചു, അവരും ഇതിൽ പങ്കാളികളാണ് എന്നതാണ് അതിന്റെ അടിസ്ഥാനം), എന്നാൽ അത്തരമൊരു അവസ്ഥ വരില്ലെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു.' അലൻ കൂട്ടിച്ചേർത്തു.
വാഷിങ്ടൺ ഹിൽട്ടണിനുള്ളിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ ഓടിക്കയറുകയും അധികൃതർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതിനെ തുടർന്ന് അലനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ശേഷം കസ്റ്റഡിയിലായ പ്രതിക്ക് മേൽ ഫെഡറൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അവർ അറിയിച്ചു.
Content Highlights: Cole Tomas Allen identified as the Washington Hilton shooter. Manifesto reveals a targeted list of Trump administration officials. FBI Director Kash Patel was explicitly excluded from the target list. Shooter justified the attack citing oppression and administration crimes. Suspect faces federal firearm and assault charges.