ഖലിസ്ഥാൻ വിഷയം ഇന്ത്യയ്ക്ക് വേദന, ക്രിമിനൽ നടപടികൾ വെച്ചുപൊറുപ്പിക്കില്ല- ന്യൂസിലൻഡ് പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
ക്രിസ്റ്റഫർ ലക്സൺ | Photo: Getty Images
ക്രിസ്റ്റഫർ ലക്സൺ | Photo: Getty Images

വെല്ലിങ്ടൺ: ഖലിസ്ഥാൻ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ക്രിമിനൽ സ്വഭാവമുള്ള പെരുമാറ്റങ്ങളോ നിയമലംഘനങ്ങളോ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം സിഎൻഎൻ-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ ഖലിസ്ഥാൻ വളരെയധികം വേദനയും ദുരിതവും ജീവഹാനിയും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലിബറൽ ജനാധിപത്യ രാജ്യമായ ന്യൂസിലൻഡ് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുണ്ടെങ്കിലും, ക്രിമിനൽ സ്വഭാവമുള്ള പെരുമാറ്റങ്ങളോ നിയമലംഘനങ്ങളോ വെച്ചുപൊറുപ്പിക്കില്ല. പൗരന്മാർ രാജ്യത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാൻ വിഷയം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ലക്സൺ വിലയിരുത്തി.

ഭീഷണികളോ ഭയപ്പെടുത്തലുകളോ അക്രമങ്ങളോ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരം കാര്യങ്ങളിൽ ന്യൂസിലൻഡ് പോലീസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2024-ൽ നടന്ന പ്രതിഷേധങ്ങൾ നിയമപരിധിക്കുള്ളിലായിരുന്നുവെന്നും പോലീസ് അവ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവകാശങ്ങൾക്കൊപ്പം തന്നെ പൗരന്മാർക്ക് ഉത്തരവാദിത്തങ്ങളും ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ന്യൂസിലൻഡിൽ ഖലിസ്ഥാൻ ഹിതപരിശോധന അനുവദിക്കുമോ എന്ന ചോദ്യത്തിന്

പോലീസിന്റെ സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് തരത്തിലുള്ള ഭീഷണികളെയും കൈകാര്യം ചെയ്യാൻ പോലീസ് സജ്ജമാണെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: New Zealand PM Christopher Luxon addresses the Khalistan issue, condemning violence and intimidation.