കടലില്‍ പതിനായിരം അടി താഴെ അവരെത്തി; കാഴ്ച്ചകള്‍ വിസ്മയകരം | വീഡിയോ

ബെയ്ജിങ്: ചൈനയുടെ പുതിയ അന്തര്‍വാഹിനി ഫെന്‍ഡോസെ(Fendouzhe or Striver) ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചരിക്കുന്നത് ചൈന തല്‍സമയം സംപ്രേക്ഷണം ചെയ്തു. മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ് മരിയാന ട്രെഞ്ചിലൂടെ സഞ്ചരിച്ച് 10,000 മീറ്റര്‍ ആഴത്തില്‍ പസഫിക്കിന്റെ അടിത്തട്ടിലെത്തിച്ചേര്‍ന്നത്.
ആഴക്കടല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയത്. പച്ചയും വെള്ളയും നിറത്തിലുള്ള അന്തര്‍വാഹിനി കപ്പല്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോകുന്ന ദൃശ്യം വീഡിയോയിലുണ്ട്. മേഘങ്ങള്‍ക്കിടയിലെന്ന പോലെ, സമുദ്രത്തിന്റെ ആഴത്തിലേക്ക് പതിയെ പതിയെ നീങ്ങി അടിത്തട്ടിലെത്തി നില്‍ക്കുന്നത് കാണാം. വാഹനത്തിലെ ശാസ്ത്രജ്ഞരുടെ സംഭാഷണവും വീഡിയോയിലുണ്ട്.
നവംബര്‍ ആദ്യമാണ് ഫെന്‍ഡോസെ 10,909 മീറ്റര്‍ ആഴത്തിലേക്ക് സഞ്ചരിച്ചത്. 2019 ല്‍ അമേരിക്കയുടെ സംരംഭം കൈവരിച്ച 10,927 മീറ്റര്‍ റിക്കോഡിന്റെ തൊട്ടരകിലെത്തിയെങ്കിലും അത് മറികടക്കാന്‍ ചൈനീസ് ദൗത്യത്തിനായില്ല.
സമുദ്രാന്തര്‍ഭാഗത്തെ ജൈവവസ്തുക്കള്‍ ശേഖരിക്കാന്‍ വാഹനത്തിലെ യന്ത്രകൈകള്‍ ഉപയോഗിച്ച് സാധിക്കും. ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ക്യാമറകളുടെ സഹായത്തോടെ വാഹനത്തിന് പുറത്തുള്ള വസ്തുക്കളെ തിരിച്ചറിയാനുള്ള സൗകര്യവും ഫെന്‍ഡോസയ്ക്കുണ്ട്.
അപരിചിതവും വൈവിധ്യവുമായ നിരവധി ജീവികളുടെ ജാലം കാണാന്‍ ഈ സമുദ്രാന്തര്‍യാത്ര സഹായകമായെന്ന് വാഹനത്തില്‍ യാത്രചെയ്ത ശാസ്ത്രജ്ഞര്‍ അനുഭവം പങ്കുവെച്ചു. പഠനങ്ങള്‍ക്കാവശ്യമായ സാംപിളുകള്‍ ശേഖരിച്ചതായി ശാസ്ത്രജ്ഞരുടെ വക്താവ് വ്യക്തമാക്കി.
Content Highlights: China Sends Vessel Into Earth's Deepest Ocean Trench With 3 Men On Board
Content Highlights: