പഴയ സിംകാർഡുകളിൽനിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത് ചൈനീസ് യുവാവ്; വെറുതേ കളഞ്ഞത് ലക്ഷങ്ങളോ?

ബീജിംഗ്: ഉപയോഗശൂന്യമായി വലിച്ചെറിയുന്ന സിം കാർഡുകളിൽനിന്നും ഇലക്ട്രോണിക് മാലിന്യങ്ങളിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഹുയിഷൗ സ്വദേശിയായ ഖ്യാവോ (Qiao) ആണ് ഈ വിചിത്രമായ 'സ്വർണ ഖനനത്തിലൂടെ' വാർത്തകളിൽ ഇടംപിടിച്ചത്.
രണ്ട് ടണ്ണോളം വരുന്ന സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് ചിപ്പുകളും സംസ്‌കരിച്ചതിലൂടെ ഏകദേശം 191 ഗ്രാം സ്വർണമാണ് ഇയാൾ വേർതിരിച്ചെടുത്തത്. ഇതിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 26 ലക്ഷത്തോളം രൂപ വിലവരും. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സിം കാർഡുകൾ തുരുമ്പെടുക്കാതിരിക്കാനും സിഗ്‌നൽ സുസ്ഥിരമായി ലഭിക്കാനുമായി അവയിൽ നേരിയ തോതിൽ സ്വർണം പൂശാറുണ്ട്. രാസവസ്തുക്കൾ നിറച്ച വലിയ ബാരലുകളിൽ സിം കാർഡുകൾ നിക്ഷേപിച്ച ശേഷം കൊറോഷൻ (Corrosion), ഡിസ്പ്ലേസ്മെന്റ് (Displacement), ഹീറ്റിങ് തുടങ്ങിയ സങ്കീർണമായ രാസപ്രക്രിയകളിലൂടെ സ്വർണം വേർതിരിച്ചെടുക്കുകയാണ് ചെയ്യുക. ഖ്യാവോ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 50 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
ഒരു സാധാരണ സിം കാർഡിൽ 0.01 ഗ്രാമിൽ താഴെ മാത്രമേ സ്വർണമുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഇത് ലാഭകരമാവുകയുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാത്രവുമല്ല, അതീവ അപകടം നിറഞ്ഞ രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഈ വേർതിരിച്ചെടുക്കലെന്നും അതിനാൽ ആരും വീട്ടിലോ മറ്റോ പരീക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ഇത് ശ്വസിക്കുന്നതും കൈകാര്യം ചെയ്യുന്നതും മാരകമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്‌കരിക്കാൻ പ്രത്യേക സർട്ടിഫിക്കേഷനും നിയമപരമായ അനുമതിയും ആവശ്യമാണ്. ഇത്തരം അനുമതിയില്ലാതെ സ്വർണ്ണം വേർതിരിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്.
സോഷ്യൽ മീഡിയയിൽ 'അൽക്കെമിസ്റ്റ്' (Alchemist) എന്നാണ് ആരാധകർ ഖ്യാവോയെ വിളിക്കുന്നത്. 'ഇന്റർനെറ്റ് കഫേ നടത്തിയിരുന്ന കാലത്ത് ഒരുപാട് കമ്പ്യൂട്ടർ ചിപ്പുകൾ ഞാൻ വെറുതെ കളഞ്ഞു, അതിലൊക്കെ ഇത്രയും സ്വർണ്ണമുണ്ടെന്ന് അറിഞ്ഞില്ലല്ലോ' എന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
Content Highlights: Chinese Man Recovers Gold from Discarded SIM Cards, Sparks Online Frenzy