'മതി, ഇന്ത്യക്കാർക്ക് കൂടുതൽ വിസ നൽകേണ്ട, യുഎസ് നിറഞ്ഞു'; ചർച്ചയായി ചാർളി കിർക്കിന്റെ പഴയ പോസ്റ്റ്

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ളി കിര്‍ക്ക് കൊല്ലപ്പെട്ടതിനു പിന്നാലെ, ഇദ്ദേഹം ഇന്ത്യന്‍ കുടിയേറ്റക്കാരേക്കുറിച്ച് മുന്‍പ് പറഞ്ഞ പരാമര്‍ശം ചര്‍ച്ചയാവുന്നു. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് അമേരിക്ക കൂടുതല്‍ വിസ നല്‍കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. യുഎസ് നിറഞ്ഞുകവിഞ്ഞെന്നും സ്വന്തം ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'അമേരിക്ക ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ വിസകള്‍ നല്‍കേണ്ടതില്ല. ഒരുപക്ഷേ, ഇന്ത്യയില്‍നിന്നുള്ള നിയമപരമായ കുടിയേറ്റംപോലെ അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കിയ മറ്റൊരു കുടിയേറ്റവും ഉണ്ടായിട്ടില്ല. മതി, ഇനിവേണ്ട. ഞങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഇനി നമുക്ക് സ്വന്തം ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം ആദ്യം', സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹം പങ്കുവെച്ച എക്‌സിലെ കുറിപ്പാണിത്. ഇന്ത്യയുമായുള്ള ഏത് വ്യാപാരക്കരാറിനും അവര്‍ക്ക് കൂടുതല്‍ വിസ നല്‍കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രഹാമിന്റെ എക്‌സ് പോസ്റ്റിന് മറുപടിയായാണ് കിര്‍ക്കിന്റെ പോസ്റ്റ് വന്നത്.
ബുധനാഴ്ച യൂട്ടായില്‍ നടന്ന ഒരു കാമ്പസ് പരിപാടിക്കിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വെടിവെപ്പുണ്ടായത്. രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സംസ്ഥാന ഗവര്‍ണവര്‍ സ്‌പെന്‍സര്‍ കോക്ക്‌സ് വ്യക്തമാക്കിയത്. കഴുത്തില്‍ വെടിയേറ്റ ചാര്‍ലി കിര്‍ക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ആക്രമണം.
Content Highlights: From Immigration Critic to Martyr: The Life and Death of Charlie Kirk