കാമുകിയുടെ സംഗീതപരിപാടി കാണാന്‍ എഫ്.ബി.ഐയുടെ ജെറ്റില്‍ പറന്നു; കാഷ് പട്ടേല്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: കാമുകിയുടെ സംഗീത പരിപാടി കാണാന്‍ യുഎസ് സര്‍ക്കാരിന്റെ ജെറ്റ് വിമാനം ഉപയോഗിച്ച ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വിവാദത്തില്‍. നാഷ്വില്ലെയില്‍ നടന്ന ഒരു ഗുസ്തി പരിപാടിക്കിടെയായിരുന്നു കാഷ് പട്ടേലിന്റെ കാമുകിയുടെ സംഗീത പരിപാടി. ഇത് കാണാനായാണ് 45-കാരനായ കാഷ് പട്ടേല്‍ സര്‍ക്കാര്‍ വിമാനത്തില്‍ പറന്നത്.
ഫ്‌ളൈറ്റ് വിവരങ്ങൾ മുൻനിർത്തി മുന്‍ എഫ്ബിഐ ഏജന്റാണ് പട്ടേലിനെതിരായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുന്‍ എഫ്ബിഐ ഏജന്റും മാഗ പിന്തുണക്കാരനുമായ കൈല്‍ സെറാഫിന്‍ തന്റെ പോഡ്കാസ്റ്റിലാണ് ഈ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന റിയല്‍ അമേരിക്കന്‍ ഫ്രീസ്‌റ്റൈല്‍ ഗുസ്തി പരിപാടിയില്‍ തന്റെ കാമുകിയായ 26-കാരി അലക്സിസ് വില്‍ക്കിന്‍സിന്റെ പ്രകടനം കാണാന്‍ പട്ടേല്‍ 60 മില്യണ്‍ ഡോളര്‍ (ഏകദേശം 532 കോടി രൂപ) വിലയുള്ള നീതിന്യായ വകുപ്പിന്റെ ജെറ്റില്‍ പറന്നുവെന്നാണ് കൈല്‍ സെറാഫിന്‍ ആരോപിച്ചത്.
ദി ഇന്‍ഡിപെന്‍ഡന്റ് പുറത്തുവിട്ട ഫ്‌ളൈറ്റ് ലോഗ് വിവരങ്ങള്‍ പ്രകാരം ഒക്ടോബര്‍ 25-ന് വിര്‍ജീനിയയിലെ മനാസാസ് റീജിയണല്‍ വിമാനത്താവളത്തില്‍നിന്ന് നീതിന്യായ വകുപ്പില്‍ രജിസ്റ്റര്‍ചെയ്ത ഒരു വിമാനം പുറപ്പെട്ട് ഏകദേശം 40 മിനിറ്റിനുശേഷം പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് കോളേജ് റീജിയണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതായി പറയുന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) പട്ടിക പ്രകാരം ഈ വിമാനം വാഷിങ്ടണ്‍ ഡിസിയിലെ എഫ്ബിഐയുടെ ദേശീയ ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു ഔദ്യോഗിക സര്‍ക്കാര്‍ വിമാനമാണ്. കാഷ് പട്ടേല്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഏകദേശം രണ്ടര മണിക്കൂറിനുശേഷം, അതേ ജെറ്റ്, അലക്സിസ് വില്‍ക്കിന്‍സ് താമസിക്കുന്ന ടെന്നസിയിലെ നാഷ്വില്ലെയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, അന്നേ ദിവസം അലക്സിസ് വില്‍ക്കിന്‍സുമൊത്ത് പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം കാഷ് പട്ടേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ എഫ്ബിഐ ഡയറക്ടര്‍ യാത്രകള്‍ക്ക് ഔദ്യോഗിക വിമാനം ഉപയോഗിക്കണമെന്നും എന്നാല്‍, യാത്ര വ്യക്തിഗത ആവശ്യത്തിനാണെങ്കില്‍ യാത്രയുടെ ചെലവ് വാണിജ്യ നിരക്കില്‍ തിരികെ നല്‍കണമെന്നുമാണ് എഫ്ബിഐ ചട്ടം.
അതേസമയം, പട്ടേല്‍ മുമ്പും ഇത്തരത്തില്‍ സ്വകാര്യ യാത്രകള്‍ക്കായി സര്‍ക്കാര്‍ ജെറ്റ് അമിതമായി ഉപയോഗിച്ചതായി നിയമനിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. എല്ലാ യാത്രകള്‍ക്കും സര്‍ക്കാര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് യുഎസ് കോണ്‍ഗ്രസ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് പട്ടേലിന്റെ വാദം.
ഈ വര്‍ഷം ആദ്യമാണ് മുന്‍ എഫ്ബിഐ കൗണ്ടര്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന ഫ്രാങ്ക് ഫിഗ്ലിയുസി, കാഷ് പട്ടേല്‍, എഫ്ബിഐ ആസ്ഥാനത്ത് ചെലവഴിക്കുന്നതിനേക്കാള്‍ സമയം നൈറ്റ്ക്ലബ്ബുകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് ആരോപിച്ചത്.
Content Highlights: FBI Director Kash Patel faces controversy for allegedly using a $532 crore government jet to attend his girlfriend`s wrestling event and music performance. Read the full details.