കോടതി വിധിയില്‍ അതൃപ്തി; 62-കാരൻ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി, ചൈനയിൽ കൊല്ലപ്പെട്ടത് 35 പേർ

ബീജിങ്: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി ചൈനയില്‍ 35 പേര്‍ കൊലപ്പെട്ടു. തെക്കന്‍ ചൈനയിലെ ജൂഹായിലാണ് സംഭവം. സ്‌പോര്‍ട്‌സ് സെന്ററിലെ സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. ജൂഹായില്‍ വ്യോമസേനയുടെ എയര്‍ഷോ നടക്കുന്നതിന് ഒരു ദിവസം മുന്നോടിയായാണ് ദാരുണ സംഭവം അരങ്ങേറിയത്. എയര്‍ഷോ കാണാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ ജൂഹായില്‍ എത്തിയിരുന്നു.
ഫാന്‍ എന്ന് പേരുള്ള 62 കാരനായിരുന്നു കാറോടിച്ചിരുന്നത്. സ്‌റ്റേഡിയത്തിലെ ബാരിക്കേഡ് തകര്‍ത്ത് ഇയാള്‍ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വയോധികരും കുട്ടികളുമടക്കം ഒട്ടേറെ പേര്‍ അവിടെയുണ്ടായിരുന്നുവെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു. 45 ലേറെ പേർക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.
അപകടത്തിന് ശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെടാന്‍ നോക്കി. സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. പോലീസ് പിടികൂടിയപ്പോഴേക്കും ഇയാള്‍ അബോധാവസ്ഥയിലായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ നിലവിൽ അബോധാവസ്ഥയിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫാന്‍ വിവാഹമോചിതനായത്. സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയില്‍ ഇയാള്‍ അതൃപ്തനായിരുന്നുവെന്നും അതിന്റെ ദേഷ്യം ആക്രമണത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദൃക്‌സാക്ഷികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നീക്കം ചെയ്തുവെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് നല്ല ചികിത്സ നല്‍കണമെന്നും കുറ്റവാളിയെ കഠിനമായി ശിക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: car accident in china killed 35, Zhuhai, Airshow, 40 Injured,Car Runs Over People