ബിഷ്‌ണോയ് സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ നിർദേശങ്ങൾക്കനുസരിച്ചെന്ന് കാനഡ

#ന്യൂസ് ഡെസ്ക്
ലോറൻസ് ബിഷ്‌ണോയ് | ഫോട്ടോ: എ.എൻ.ഐ
ലോറൻസ് ബിഷ്‌ണോയ് | ഫോട്ടോ: എ.എൻ.ഐ

ഒട്ടാവ: കാനഡയിൽ ഭീകര സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള ലോറൻസ് ബിഷ്ണോയ് സംഘം, ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ (RCMP) റിപ്പോർട്ട്. ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന് വാൻകൂവർ ആസ്ഥാനമായുള്ള ഗ്ലോബൽ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ മൂന്നുപേജുള്ള റിപ്പോർട്ടിൽ, ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറുതവണ പരാമർശിക്കുന്നുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിന്റെ ഒരു പതിപ്പ് തങ്ങൾക്ക് ലഭിച്ചതായി തിങ്കളാഴ്ച ഗ്ലോബൽ ന്യൂസ് അറിയിച്ചു.

ബിഷ്ണോയ് ഗ്രൂപ്പ് കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സജീവവും നിരന്തരം സാന്നിധ്യമുള്ള ഒരു അക്രമാസക്തമായ ക്രിമിനൽ സംഘടനയാണ്. ബിഷ്ണോയ് ക്രിമിനൽ ഗ്രൂപ്പ്, ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുമ്പോൾ തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അക്രമം ഉപയോഗിക്കുന്നു, റിപ്പോർട്ടിൽ പറയുന്നു. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ, ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ബിഷ്ണോയ് സംഘം ഏർപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും കാനഡയിൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്‌ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിസന്ധി നേരിട്ടിരുന്നു. ഖലിസ്ഥാൻ ഭീകരനായ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചു. ഇന്ത്യ ഈ ആരോപണം നിഷേധിക്കുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്തു. അക്രമങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ച് കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, ദശകങ്ങളായി ഇന്ത്യ നൽകിയ മുന്നറിയിപ്പുകളിൽ അവർ നടപടിയെടുത്തിട്ടില്ല.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് ഈ ആരോപണങ്ങൾ വരുന്നത്. 2025 ഓഗസ്റ്റിൽ, 10 മാസത്തിലേറെയായി നിലനിന്ന കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് ശേഷം, ഇരുരാജ്യങ്ങളും പരസ്പരം പ്രതിനിധികളെ നിയമിച്ചു. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യ ചാരവൃത്തിയിലും അക്രമങ്ങളിലും ഏർപ്പെട്ടുവെന്ന് തെളിവുകളില്ലാതെ പറഞ്ഞതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ബന്ധത്തിലെ വിള്ളൽ മാറ്റാനുള്ള ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും നടക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്. 

Content Highlights: RCMP report suggests Lawrence Bishnoi gang works for Indian government, citing organized crime & violence. Details emerge on Canada`s involvement.