ലോസ് ആഞ്ജലിസിനെ വിഴുങ്ങി കാട്ടുതീ; കാരണങ്ങൾ എന്തൊക്കെ, എന്തുകൊണ്ട് പ്രതിരോധം പാളുന്നു?

#ഹർഷ സുരേന്ദ്രൻ
ലോസ് ആഞ്ജലിസില്‍ പടർന്നുപിടിക്കുന്ന കാട്ടുതീയക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന അഗ്നിശമനസേനാംഗങ്ങള്‍ | ഫോട്ടോ: AP
ലോസ് ആഞ്ജലിസില്‍ പടർന്നുപിടിക്കുന്ന കാട്ടുതീയക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന അഗ്നിശമനസേനാംഗങ്ങള്‍ | ഫോട്ടോ: AP

തിശൈത്യവും കനത്തശീതക്കാറ്റുംകാരണം  മിസൗറി, കാൻസസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് യു.എസിന്റെ തെക്കൻസംസ്ഥാനമായ കാലിഫോർണിയയെ കാട്ടുതീ വിഴുങ്ങിയത്. പാലിസേഡ്‌സ്, ഈറ്റൺ എന്നീ അതിവേഗം പടർന്ന രണ്ടുവലിയ കാട്ടുതീയിൽ സാൻഫ്രാൻസിസ്കോയുടെ വിസ്തൃതിയെക്കാൾ വലിയ ഭൂപ്രദേശം എരിഞ്ഞമർന്നു. ചൊവ്വാഴ്ച രാവിലെയാണ് പസഫിക് പാലിസേഡ്സിൽ  തീ പൊട്ടിപ്പുറപ്പെട്ടത് കൺമുന്നിൽ നഗരമെരിയുന്നതുകാണവേ അണുബോംബ് വീണതുപോലനുഭവപ്പെട്ടു ലോസ് ആഞ്ജലിസുകാർക്ക്. 

കാട്ടുതീയും  കാലിഫോർണിയയും
വേനൽക്കാല കാട്ടുതീകൾ കാലിഫോർണിയക്ക് സുപരിചിതമാണ്. ജൂൺമുതൽ ഒക്ടോബർവരെയാണ് കാട്ടുതീ സീസൺ. വരണ്ട കാലാവസ്ഥയാണ് അതിനാധാരം. വർഷത്തിൽ പരമാവധി 78 വരെ ഫയർ ദിവസങ്ങളുണ്ടാകാറുണ്ട്. തെക്കൻ കാലിഫോർണിയൻ തീരപ്രദേശങ്ങളിലെ തീപ്പിടിത്തങ്ങൾ മരുക്കാറ്റിനാൽ വ്യാപിക്കപ്പെടുന്നവയാണ്. പ്രത്യേകിച്ച് പസഫിക് പാലിസേഡ്സിലേത്. മഴലഭ്യതയില്ലാത്തതിനാൽ സസ്യജാലങ്ങളെല്ലാം വരണ്ടുണങ്ങിയിരിക്കും. 

അതേസമയം, വർഷാവസാനത്തിൽ ശൈത്യവും മഴയും ഒരുമിച്ചുണ്ടാകുന്നതിനാൽ കാട്ടുതീകൾ താരതമ്യേന കുറവാണ്. ജനുവരിമുതൽ മാർച്ചുവരെ വലിയ തീമുന്നറിയിപ്പുണ്ടാകാറില്ല (2021 ഒഴിച്ചുനിർത്തിയാൽ). എന്നാൽ, 2012-2024 വരെയുള്ള വർഷങ്ങളെ അപേക്ഷിച്ച് 2025 ജനുവരി ഒൻപതിന് സംസ്ഥാനത്തുണ്ടായത് 60 ഫയർ അലർട്ടുകളാണ്. 40 മടങ്ങ് കൂടുതൽ. 

മഴയില്ല
എട്ടുമാസമായി ലോസ് ആഞ്ജലിസിലേക്ക് മഴ തിരിഞ്ഞുനോക്കിയിട്ട്. സംസ്ഥാനത്ത് റെക്കോഡ് ചൂടും ഉഷ്ണതരംഗവും രേഖപ്പെടുത്തിയ വർഷമായിരുന്നു 2024. ജൂൺ, ജൂലായ്, ഓഗസ്റ്റ് (ബോറിയൽ സമ്മർ)  മാസങ്ങളിൽ ഉത്തരാർധഗോളത്തിൽ ശരാശരി താപനില പരമാവധി 
62.24 ഡിഗ്രി സെൽഷ്യസായിരുന്നു.


ആരോപണം
  • തീകെടുത്താനുള്ള ശ്രമങ്ങളിൽ ഭരണകൂടപാളിച്ചയുണ്ടായി
  • പ്രദേശത്തെ 4400 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും മറ്റു ഹൈഡ്രന്റുകളും വറ്റിക്കിടന്നത് സംബന്ധിച്ച് അന്വേഷണം 
  • തീകെടുത്താനാവശ്യമായ ഫണ്ട് നഗരഭരണകൂടം ലഭ്യമാക്കിയില്ലെന്ന് അഗ്നിരക്ഷാസേന 

എന്തുചെയ്യാം

  • അഗ്നിപ്രതിരോധശേഷിയുള്ള വീടുകൾ
  • താമസക്കാർക്ക് തങ്ങളുടെ സ്വത്തിന് ചുറ്റും  സംരക്ഷിതമേഖലയുണ്ടാക്കണം(ബഫർസോൺ)
  • കാട്ടുതീബാധിത പ്രദേശങ്ങളിലെ വീടുകൾക്ക് 100 അടി ചുറ്റളവിലുള്ള മരങ്ങൾ, പുല്ല് എന്നിവ നീക്കംചെയ്ത് ബഫർ സൃഷ്ടിക്കണമെന്ന് കാലിഫോർണിയനിയമം ആവശ്യപ്പെടുന്നു 
  • ഭവനനിർമാണത്തിൽ മരത്തിനുപകരം ലോഹം, ടൈൽ തുടങ്ങിയ വസ്തുക്കൾ പരിഗണിക്കുക

നിലവിലെ സംവിധാനം
പസഫിക് ഗ്യാസ് ആൻഡ്‌ ഇലക്‌ട്രിക്, സതേൺ കാലിഫോർണിയ എഡിസൺ, സാൻ ഡീഗോ ഗ്യാസ് ആൻഡ്‌ ഇലക്‌ട്രിക് എന്നീ മൂന്ന് യൂട്ടിലിറ്റികൾ ചേർന്ന് വൈദ്യുതലൈനുകളിൽനിന്ന് മരങ്ങൾ നീക്കം ചെയ്യാനും ഭൂഗർഭ വൈദ്യുതലൈനുകൾ സ്ഥാപിക്കാനും തീ, കാറ്റ്, പുക, എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങൾ  കണ്ടെത്താൻ വിദൂര ക്യാമറകളുടെയും കാലാവസ്ഥാ സ്റ്റേഷനുകളുടെയും സഹായത്തോടെയുള്ള  പദ്ധതി നടപ്പാക്കുന്നു. 2022-ലെ ഒാഡിറ്റിൽ അതിൽ വീഴ്ച കണ്ടെത്തിയിരുന്നു. 
എസ് -2 ടി എയർ ടാങ്കറുകളും ഹ്യൂ ഹെലികോപ്റ്ററുകളും സി -130 ഹെർക്കുലീസ് കാർഗോ വിമാനങ്ങളും തീകെടുത്താൻ ഉപയോഗിക്കുന്നു 

തീ ആളിക്കത്തിച്ചത് 

  • മണിക്കൂറിൽ 100 മൈൽ വേഗത്തിൽ വീശുന്ന സാന്റഅന വരണ്ടകാറ്റ് തീ ആളിക്കത്തിച്ചു
  • വൈദ്യുതലൈനുകൾ വ്യാപനത്തിന് ആക്കംകൂട്ടി
  • ബിഗ് ബേസിൻ പാർക്ക് കത്തിച്ചതുപോലെയുള്ള മിന്നലുകളാണ് കാരണമെന്ന് ചിലർ (ഈ സാധ്യത അധികൃതർ തള്ളുന്നു) 
  • കൊടുംവരൾച്ച, പ്രാണിശല്യം എന്നിവയാൽ നശിച്ച 16.3 കോടിയിലധികം മരങ്ങൾ പ്രദേശത്ത്‌ ഉണങ്ങിക്കിടക്കുന്നു
  • വടക്കൻ കാലിഫോർണിയയിലെ ‘ആസ്ബസ്‌റ്റോസ് വനങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന കാടുകളുടെ പ്രതിരോധശേഷി നഷ്ടപ്പെട്ടത് 
  • കാലാവസ്ഥാവ്യതിയാനം മൂടൽമഞ്ഞിന്റെ സംരക്ഷിതപാളിയെ തുരത്തി ഇടതൂർന്നതും ഈർപ്പമുള്ളതുമായ മഴക്കാടുകളിൽ തീ പടർത്താനിടയാക്കി
  • സിയേര നെവാഡ പർവതമേഖലയിൽ 80 ശതമാനവും ഉണക്കമരങ്ങൾ

തീകെടുത്തൽ

  • ഹെലികോപ്റ്റർ മാർഗം വെള്ളമടിച്ചും അഗ്നിശമനികൾ വിതറിയും
  • 14,000 അഗ്നിരക്ഷാസേനാംഗങ്ങളും 1354 ഫയർ എൻജിനുകളും രംഗത്തുണ്ട്
  • അയൽസംസ്ഥാനങ്ങളും മെക്സിക്കോയും കാനഡയും സഹായമെത്തിക്കുന്നു.
  • മൂന്നിലൊന്ന് വീടുകളും സ്ഥിതിചെയ്യുന്നത് വനഭൂമിയോടുചേർന്ന നഗരങ്ങളിൽ
  • 40 ലക്ഷംപേർ താമസിക്കുന്നത് കാട്ടുതീ സാധ്യതമേഖലകളിൽ 
  • 18 ദേശീയവനങ്ങളാണ് സംസ്ഥാനത്തുള്ളത്, അതിന്റെ നിയന്ത്രണം ഫെഡറൽ സർക്കാരിന്

Content Highlights: California Los Angeles wildfires reasons and how to avoid this issue