ബ്രസീൽ ആരുടെയും പുറമ്പോക്കല്ല; അമേരിക്കയ്‌ക്കെതിരേ ഒളിയമ്പുമായി പ്രസിഡന്റ് ലുല

#ന്യൂസ് ഡെസ്ക്
ലുല ഡാ സില്‍വ, ഡൊണാള്‍ഡ് ട്രംപ് | Reuters
ലുല ഡാ സില്‍വ, ഡൊണാള്‍ഡ് ട്രംപ് | Reuters

സാവോ പോളോ: ബ്രസീൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയ്‌ക്കെതിരേ പരോക്ഷ പരിഹാസവുമായി ലൂയിസ് ഇനാഷ്യോ ലുല ഡാ സിൽവ. ബ്രസീൽ ആരുടെയും പുറമ്പോക്കല്ല എന്നാണ് വിജയത്തിനു പിന്നാലെ സാവോ പോളോയിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ലുല പറഞ്ഞത്. ബ്രസീലിലെ അമേരിക്കൻ സ്വാധീനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ലുലയുടെ പ്രസ്താവന. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിദേശ ഇടപെടലുകളെ പ്രതിരോധിച്ച് വിജയം നേടാൻ കഴിഞ്ഞുവെന്നും ഇത്തരം പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അവസാനിച്ചതായും ഇനി രാജ്യത്തെ 21.5 കോടി ജനങ്ങൾക്കും വേണ്ടി ഭരിക്കും. യാഥാസ്ഥിതിക വിഭാഗത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഭരണതീരുമാനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും ലുല വ്യക്തമാക്കി.

ഇത് നാലാം തവണയാണ് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ബ്രസീലിന്റെ പ്രസിഡന്റായി ലുല തിരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്ച നടന്ന റൺ ഓഫ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥിയായ ഫ്‌ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിയാണ് എഴുപത്തിയൊമ്പതുകാരനായ ലൂല വിജയം വരിച്ചത്. ലൂലയുടെ വിജയം ലാറ്റിൻ അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഊർജ്ജം പകരുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഒപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിനും ഈ ഫലം തിരിച്ചടിയാവും. 

2027 മുതൽ 2030 വരെയാണ് ലുലയുടെ പുതിയ ഭരണകാലം. 1988-ൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാംഘട്ട വോട്ടെടുപ്പിൽ വിജയിക്കുന്ന ആദ്യ സ്ഥാനാർഥിയാണ് ലുല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വിജയം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഡാറ്റാഫോളോ സർവേ ലൂലയുടെ വിജയം പ്രവചിച്ചിരുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം ലൂല 51.21% വോട്ടുകൾ നേടിയപ്പോൾ ഫ്‌ലാവിയോ ബോൾസൊനാരോയ്ക്ക് 48.79% വോട്ടുകളാണ് ലഭിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് ഫ്‌ലാവിയോ ബോൾസൊനാരോ ആവശ്യപ്പെടുന്നത്. ബ്രസീലിന്റെ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകനും സെനറ്ററുമാണ് ഫ്‌ലാവിയോ ബോൾസൊനാരോ. ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധം സ്ഥാപിക്കുമെന്നും വിപണി കരാറുകൾ മെച്ചപ്പെടുത്തുമെന്നുമായിരുന്നു ഫ്‌ലാവിയോയുടെ പ്രധാന പ്രചാരണ വിഷയം. ജീവിതച്ചെലവിലുണ്ടായ വലിയ വർധനവ്, കുറ്റകൃത്യങ്ങൾ, അമേരിക്കയുമായുള്ള വിദേശനയം, കാലാവസ്ഥാ വ്യതിയാനം എന്നിവയായിരുന്നു ബ്രസീൽ തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയായ വിഷയങ്ങൾ.

2003 ജനുവരി മുതൽ 2010 ഡിസംബർവരെ തുടർച്ചയായി രണ്ടുതവണ ബ്രസീൽ പ്രസിഡന്റായിരുന്ന ലുല, 2023 ജനുവരിയിലാണ് വീണ്ടും അധികാരത്തിലെത്തിയത്. 2017-ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ, 2021-ൽ ആ ശിക്ഷകൾ റദ്ദാക്കപ്പെട്ടതോടെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുങ്ങി. 2022-ലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. ഇത്തവണ അദ്ദേഹത്തിന്റെ മകനെയാണ് പരാജയപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Luiz Inácio Lula da Silva won his fourth term as Brazil's president, defeating Flavio Bolsonaro., Lula made indirect criticisms of US influence, stating Brazil is 'no one's backyard'., The new presidential term will run from 2027 to 2030., Flavio Bolsonaro has demanded the election results be annulled.