ബോണ്ടി ബീച്ചിലെ തീവ്രവാദിയെ കീഴടക്കിയ അഹമ്മദ് മുൻ സിറിയൻ പോലീസുകാരൻ

പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ബ്രിട്ടീഷ് അഹമ്മദ് അൽ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ, അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുന്ന  അഹമ്മദ് അൽ അഹമ്മദ്| Photo: AFP
പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ബ്രിട്ടീഷ് അഹമ്മദ് അൽ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ, അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുന്ന അഹമ്മദ് അൽ അഹമ്മദ്| Photo: AFP

സിഡ്നി: ബോണ്ടി ബീച്ചിൽ 15 പേർ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിൽ വെടിയുതിർത്ത യുവാവിനെ കീഴടക്കി തോക്കു പിടിച്ചുമാറ്റിയ അഹമ്മദ് അൽ അഹമ്മദ് നേരത്തേ സിറിയയിൽ പോലീസിൽ സേവനം അനുഷ്ഠിച്ചയാൾ. ആളുകൾക്കുനേരെ നിരന്തരം വെടിയുതിർക്കുകയായിരുന്ന തീവ്രവാദിയെ പിന്നിലൂടെയെത്തി പിടികൂടുകയും തോക്ക് ബലമായി പിടിച്ചുവാങ്ങുകയും തോക്ക് അക്രമിക്കുനേരെ ചൂണ്ടി അയാളെ ഓടിപ്പിക്കുകയും ചെയ്ത അഹമ്മദിന്റെ പ്രവൃത്തി ലോകം മുഴുവൻ അനുമോദിച്ചിരുന്നു.

സിറിയയിലെ സുരക്ഷാ സേനയിൽ വർഷങ്ങൾ ചെലവഴിച്ചതിന്റെ ഫലമാണ് ഈ ധൈര്യമെന്ന് അഹമ്മദിന്റെ ബന്ധുക്കൾ പറയുന്നു. വെടിവെപ്പ് നടന്ന ദിവസം ഒരു സുഹൃത്തിനെ കാണാനാണ് അഹമ്മദ് അൽ അഹമ്മദ് ബോണ്ടി ബീച്ചിൽ എത്തിയത്.

ആളുകൾ ചിതറിയോടിയപ്പോൾ, അഹമ്മദ് അൽ അഹമ്മദ് പാർക്ക് ചെയ്ത കാറുകൾക്കിടയിൽ ഒളിച്ചു. പിന്നാലെ അദ്ദേഹം മുന്നോട്ട് ചാടി. വൈറലായ വീഡിയോയിൽ, അദ്ദേഹം വെടിവെച്ചവരിലൊരാളെ പുറകിൽനിന്ന് പിടികൂടുന്നതും തോക്ക് ബലമായി പിടിച്ചു മാറ്റുന്നതും കാണാം. തൊട്ടുപിന്നാലെ, ഫൂട്ബ്രിഡ്ജിൽനിന്ന് രണ്ടാമത്തെ തോക്കുധാരി അദ്ദേഹത്തിന് നേരെ ഒട്ടേറെ തവണ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകളേറ്റ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്തണി അൽബനീസ് ആശുപത്രിയിലെത്തി അഹമ്മദിനെ അനുമോദിച്ചിരുന്നു

അഹമ്മദിന്റെ ദൃഢനിശ്ചയം യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ആഭ്യന്തരയുദ്ധം തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് 2006-ൽ സിറിയ വിടുമ്പോൾ അഹമ്മദ് അൽ അഹമ്മദ് സിറിയയുടെ കേന്ദ്ര സുരക്ഷാ സേനയിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

''എന്റെ മകൻ ഓസ്ട്രേലിയയുടെ വീരപുരുഷനായതിൽ അഭിമാനവും ബഹുമാനവുമുണ്ട്. അവൻ ഒരു വീരകൃത്യം ചെയ്തു. നിരപരാധികളെ രക്ഷിക്കാൻ തീവ്രവാദിയെ നേരിട്ടു. ഒരു നിമിഷം പോലും മടിച്ചില്ല.'' പിതാവ് മുഹമ്മദ് ഫത്തേ അൽ അഹമ്മദും മാതാവ് മാലാകെ ഹസൻ അൽ അഹമ്മദും പറഞ്ഞു.

ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് അഹമ്മദ് ഓസ്ട്രേലിയയിലേക്ക് താമസം മാറുന്നത്. ഇപ്പോൾ സിഡ്നിയിൽ ഒരു ചെറിയ പുകയിലക്കട നടത്തുന്നു. മൂന്നും ആറും വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവാണ്. അഹമ്മദിന്റെ മാതാപിതാക്കൾ ഈ വർഷമാദ്യം അദ്ദേഹത്തോടൊപ്പം താമസിക്കാൻ സിഡ്നിയിലേക്ക് താമസം മാറി.

Content Highlights: Ahmed Al-Ahmed, a former Syrian police officer, bravely disarmed the Bondi Beach terrorist, saving lives. Learn about his courageous act and inspiring past.