സിഡ്നി വെടിവെപ്പ്; അക്രമികളിൽ ഒരാൾ നവീദ് അക്രം, വെടിവെച്ചത് ജൂതരുടെ ആഘോഷത്തിനിടെ

സിഡ്‌നിയിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് ബോണ്ടി ബീച്ചിലേക്ക് നീങ്ങുന്ന ആംബുലൻസ്‌ | ഫോട്ടോ - എപി
സിഡ്‌നിയിലുണ്ടായ വെടിവയ്പിനെത്തുടര്‍ന്ന് ബോണ്ടി ബീച്ചിലേക്ക് നീങ്ങുന്ന ആംബുലൻസ്‌ | ഫോട്ടോ - എപി

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നി ബീച്ചിൽ 12 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം (24) ആണ് തോക്കുധാരികളില്‍ ഒരാള്‍. സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള അക്രമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. സംഭവത്തില്‍ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ പ്രാദേശിക സമയം വൈകീട്ടുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ബീച്ചില്‍ യഹൂദരുടെ ഒരു ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഒരു വാഹനത്തിലെത്തിയ അക്രമകാരികള്‍, അതില്‍നിന്ന് പുറത്തിറങ്ങി വെടിവെപ്പ് നടത്തുകയായിരുന്നെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകീട്ട് ആറരയോടെയാണ് സംഭവം. സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേര്‍ ബീച്ചിന് സമീപം വെടിയുതിര്‍ക്കുന്നതായി കാണാം. ഭയപ്പെട്ടുപോയ ബീച്ച് സന്ദര്‍ശകര്‍ നാല് ദിശകളിലേക്കും ചിതറിയോടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

ഇതിനിടെ ഒരാള്‍ പിറകെവന്ന് തോക്കുധാരികളിലൊരാളെ ധീരമായി കീഴ്‌പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമിയെ തടഞ്ഞശേഷം അയാളില്‍നിന്ന് തോക്ക് ബലമായി പിടിച്ചെടുക്കുന്നതാണ് ദൃശ്യങ്ങള്‍. ഈ ഇടപെടല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടഞ്ഞെന്നാണ് വിലയിരുത്തല്‍.

Content Highlights: Sydney Tragedy: Naveed Akram Named as Suspect in Deadly Bondi Beach Shooting