മിഷിഗൺ പള്ളിയിലെ അക്രമി ട്രംപ് അനുഭാവിയെന്ന് സൂചന; ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍

താമസ് ജേക്കബ് സാൻഫോര്‍ഡ്| Photo: (X/@toddandmeg17, X/@JLRINVESTIGATES)
താമസ് ജേക്കബ് സാൻഫോര്‍ഡ്| Photo: (X/@toddandmeg17, X/@JLRINVESTIGATES)

ന്യൂയോര്‍ക്ക്: മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സില്‍ നടന്ന വെടിവെപ്പിന് ഉത്തരവാദിയായ പ്രതി തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുഭാവിയാണെന്ന് റിപ്പോർട്ട്‌. ട്രംപിനോടുള്ള അനുഭാവം വ്യക്തമാക്കുന്ന ഒട്ടേറെ പോസ്റ്റുകള്‍ ഇയാൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചു കയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് മോര്‍മോണ്‍ സഭ. ദ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയ്ന്റ്‌സ് എന്നതാണ് ഔദ്യോഗികനാമം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാന്‍ഫോര്‍ഡ് കൊല്ലപ്പെട്ടു.

ടേണിങ് പോയിന്റ് യുഎസ്എ സ്ഥാപകന്‍ ചാര്‍ളി കിര്‍ക്കിന് നേരെയുണ്ടായ വെടിവെപ്പിന് ശേഷം, സംഘര്‍ഷങ്ങളുടെയും രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ചുള്ള ഭയത്തിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സംഭവം. മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ അടുത്തിടെ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ കാരണം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

സാന്‍ഫോര്‍ഡിന്റെ കുടുംബവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കാണിക്കുന്നത് ഇയാള്‍ വിവാഹിതനും അപൂര്‍വമായ ജനിതക രോഗമുള്ള കുട്ടിയുടെ പിതാവുമാണെന്നാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സാന്‍ഫോര്‍ഡിനെ 'തോമസ്' എന്നതിലുപരി 'ജേക്ക്' എന്നാണ് വിളിച്ചിരുന്നത്. പൊതുരേഖകള്‍ പ്രകാരം സാന്‍ഫോര്‍ഡിന് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലായിരുന്നു. എന്നിരുന്നാലും, 2019 സെപ്റ്റംബറിലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, 'ലിബറലുകളെ വീണ്ടും കരയിപ്പിക്കുക' (Make Liberals Cry Again) എന്ന് എഴുതിയ ഒരു ട്രംപ് 2020 ടീ-ഷര്‍ട്ട് ധരിച്ചതായി  കാണാം.

മിഷിഗണിലെ ബര്‍ട്ടണിലുള്ള ഈസ്റ്റ് ആതര്‍ട്ടണ്‍ റോഡിലെ 4100 ബ്ലോക്കിലെ വീട്ടിലായിരുന്നു സാന്‍ഫോര്‍ഡ് താമസിച്ചിരുന്നതെന്നും രേഖകള്‍ കാണിക്കുന്നു. 2025 ജൂണില്‍ നിന്നുള്ള ഒരു ഗൂഗിള്‍ മാപ്സ് ചിത്രത്തില്‍ പ്രതിയുടെ വീടിന് പുറത്ത് ട്രംപ്, വാന്‍സ്, സ്‌റ്റോപ് എന്നെഴുതിയ ബോര്‍ഡും കാണിക്കുന്നുണ്ട്. ഈ ചിഹ്നത്തെക്കുറിച്ച് പല അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2021 മെയ് 12-ലെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍, സാന്‍ഫോര്‍ഡിന്റെ ഭാര്യ ടെല്ല സാന്‍ഫോര്‍ഡ്, '#bringtrumpback,എന്നീ ഹാഷ്ടാഗുകളോടൊപ്പം ഒരു ലിങ്ക് പങ്കുവെച്ചിരുന്നു. ആ ലിങ്കിലെ ഉള്ളടക്കം പിന്നീട് നീക്കം ചെയ്യപ്പെട്ടു.

സാന്‍ഫോര്‍ഡ് ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ 2008 വരെ നീണ്ടുനിന്ന സേവനത്തിനിടയില്‍ സര്‍ജന്റായി സേവനമനുഷ്ഠിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെതിരേയുള്ള ആക്രമണം എന്നാണ് ട്രംപ് വെടിവെപ്പിനെക്കുറിച്ച് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂടം എപ്പോഴും ചെയ്യാറുള്ളതുപോലെ പൊതുജനങ്ങളെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കും. അതുവരെ, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക. നമ്മുടെ രാജ്യത്തെ  അക്രമത്തിന്റെ പകര്‍ച്ചവ്യാധി ഉടന്‍ അവസാനിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Content Highlights: Reports suggest Thomas Jacob Sanford, the Michigan church shooter who served in the Iraq War, was a Donald Trump supporter, posting pro-Trump content online. The incident raises concerns amid rising political violence.