ബിലാവൽ ഭൂട്ടോയ്ക്ക് വധുവായി യൂറോപ്യൻ രാജകുടുംബാംഗം? വാർത്തകളിൽ വിശദീകരണവുമായി പാർട്ടി

#ന്യൂസ് ഡെസ്ക്
ബിലാവൽ ഭൂട്ടോ | PHOTO: PTI
ബിലാവൽ ഭൂട്ടോ | PHOTO: PTI

കറാച്ചി: പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി.) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി യൂറോപ്യൻ രാജകുടുംബത്തിലെ അംഗത്തെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി പാർട്ടി. പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കറാച്ചി മേയറും പി.പി.പി. നേതാവുമായ മുർതാസ വഹാബ് വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് എക്സിലൂടെയാണ് മുർതാസ ഇക്കാര്യം അറിയിച്ചത്.

38-കാരനായ ബിലാവൽ ഭൂട്ടോ ഒരു യൂറോപ്യൻ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലാണ് പ്രചരിച്ചിരുന്നത്. ഓസ്ട്രിയൻ രാജകുടുംബാംഗമായ 26-കാരി ഗ്ലോറിയ വോൺ ഹബ്സ്ബർഗുമായി ബിലാവലിന്റെ വിവാഹം ഉറപ്പിച്ചതായാണ് വാർത്തകൾ വന്നത്.

ഓസ്ട്രിയയിലെ ആർച്ച് ഡ്യൂക്ക് ആയ കാളിന്റെയും ഫ്രാൻസെസ്ക വോൺ തിസ്സെൻ-ബോർനെമിസയുടെയും മകളായ ഗ്ലോറിയ, ഓസ്ട്രിയയിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന കാൾ ഒന്നാമൻ ചക്രവർത്തിയുടെ കൊച്ചുമകളുടെ മകളാണ്. വിവാഹ തീയതി നിശ്ചയിക്കുന്നതിനായി പാകിസ്താൻ പ്രസിഡന്റും ബിലാവലിന്റെ പിതാവുമായ ആസിഫ് അലി സർദാരി സ്വിറ്റ്സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ലിച്ചെൻസ്റ്റൈൻ എന്ന രാജ്യത്തേക്ക് പോയി എന്ന രീതിയിലും പ്രചരണങ്ങൾ നടന്നിരുന്നു.

പാകിസ്താൻ ആസ്ഥാനമായുള്ള 'ഡെയ്ലി ഔസാഫ്' എന്ന ദിനപ്പത്രം ഈ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് അവർ അത് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27-ന് പ്രസിഡന്റ് സർദാരി ഒരു സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയതായി പാകിസ്താൻ പ്രസിഡൻസി  സ്ഥിരീകരിച്ചിരുന്നുവെങ്കിലും യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് അഭ്യൂഹങ്ങളുണ്ടായത്. അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബിലാവൽ ഭൂട്ടോയോ അദ്ദേഹത്തിന്റെ കുടുംബമോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Content Highlights: Social media rumors claimed Bilawal Bhutto was marrying former Austrian princess Gloria von Habsburg., Karachi Mayor and PPP leader Murtaza Wahab dismissed the reports as completely false and baseless., The Daily Ausaf newspaper initially reported the story but later removed it from their website., Neither Bilawal Bhutto nor his family have issued an official personal statement yet.