ആയുഷ്മാൻ ഭാരത്, ലഡ്കി ബഹിൻ; പ്രകടനപത്രികയിൽ ഇന്ത്യൻ മോഡലുമായി ബംഗ്ലാദേശ് പാർട്ടികൾ

ധാക്ക: ഇന്ത്യയിൽ തിരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ പാർട്ടികൾ പരീക്ഷിച്ച് വിജയിച്ച പദ്ധതികൾ അവതരിപ്പിച്ച് ബംഗ്ലദേശിലെ രാഷ്ട്രീയ പാർട്ടികൾ. ഇന്ത്യയിലെ പ്രമുഖ പദ്ധതികളായ ആയുഷ്മാൻ ഭാരത്, ലഡ്കി ബഹിൻ യോജന എന്നിവയോട് സമാനമായ വാഗ്ദാനങ്ങളാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്തെ ഇസ്ലാമിയും പുറത്തിറക്കിയ പ്രകടന പത്രികകളിലുള്ളത്. വോട്ടർമാരെ ആകർഷിക്കാൻ ഇന്ത്യൻ മാതൃകയിലുള്ള ക്ഷേമപദ്ധതികൾ വോട്ടായി മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.
സ്ത്രീ കേന്ദ്രീകൃതമായ പദ്ധതികൾക്കാണ് താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി മുൻഗണന നൽകുന്നത്. മഹാരാഷ്ട്രയിലെ ലഡ്കി ബഹിൻ യോജനയ്ക്കും മധ്യപ്രദേശിലെ ലാഡ്ലി ബഹ്ന യോജനയ്ക്കും സമാനമായി സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി ബിഎൻപി വാഗ്ദാനം ചെയ്യുന്നു. ഫാമിലി കാർഡ് എന്ന പദ്ധതിയാണ് ബിഎൻപി അവതരിപ്പിക്കുന്നത്. ഇതിലൂടെ അരി, പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളും ലഭ്യമാക്കും. ഇന്ത്യയിലെ സ്‌കൂൾ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മാതൃക ബംഗ്ലാദേശിലും നടപ്പാക്കുമെന്ന് ബിഎൻപി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കിസാൻ ക്രെഡിറ്റ് കാർഡിന് സമാനമായ ഈ പദ്ധതിയാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഫാർമർ കാർഡ് എന്ന പദ്ധതിയിലൂടെ കർഷകർക്ക് കുറഞ്ഞ പലിശയിൽ വായ്പയും ഇൻഷുറൻസും ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. ഇന്ത്യയിലെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് സമാനമായി പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സാർവത്രിക ആരോഗ്യ പദ്ധതി അവർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ബിജെപിക്ക് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ സഹായിച്ച മറ്റൊരു പദ്ധതിയാണ് പ്രധാൻമന്ത്രി ആവാസ് യോജന. ഇതേമാതൃകയിൽ കുറഞ്ഞ വരുമാനക്കാർക്കായി വീടുകൾ നിർമ്മിച്ചു നൽകുമെന്നും ജമാഅത്തെ ഇസ്ലാമി പറയുന്നു.
ജമാഅത്തിന്റെ പ്രകടനപത്രികയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ചിത്രങ്ങളും ഉത്തർപ്രദേശ് സർക്കാരിന്റെ റിപ്പോർട്ടിലെ ചിത്രങ്ങളും ഉപയോഗിച്ചുവെന്നു കണ്ടെത്തിയതോടെ അവർ പ്രതിരോധത്തിലായിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു ഫോട്ടോഗ്രാഫർ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ പ്രകടനപത്രികയിൽ ഉപയോഗിച്ചിട്ടുണ്ട്. ബാലവേലയെക്കുറിച്ച് 2017-ൽ പുറത്തിറങ്ങിയ ഉത്തർപ്രദേശ് സർക്കാർ റിപ്പോർട്ടിലെ ചിത്രങ്ങളും ഇവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ഒരു പാർട്ടി, തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യൻ മാതൃകകളും ചിത്രങ്ങളും കടമെടുത്തു എന്നത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതകൾക്ക് ശേഷമാണ് ഫെബ്രുവരി 12-ന് ബംഗ്ലാദേശ് വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെങ്കിലും വെറും 4% വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച ക്ഷേമപദ്ധതികൾ വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് നിർണായകമാണ്. അസ്ഥിരമായ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ വെല്ലുവിളികളുയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പിലൂടെ സുസ്ഥിരമായൊരു സർക്കാർ വരുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭികാമ്യം. ഇന്ത്യയുമായി അത്രനല്ല ബന്ധമുള്ള പാർട്ടികളല്ല ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും. എന്നിരുന്നാലും ബിഎൻപിയുമായി ഇന്ത്യ ബന്ധം വളർത്താൻ ശ്രമിക്കുന്നുണ്ട്.
Content Highlights: Bangladesh political parties are adopting successful Indian welfare schemes like Ayushman Bharat and Ladli Behna Yojana to woo voters in upcoming elections. Explore the strategies.