തിരക്കേറിയ റോഡ് പൊടുന്നനെ തകര്‍ന്ന് ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടു, പരിഭ്രാന്തരായി ജനം

ബാങ്കോക്കിലെ തിരക്കേറിയ റോഡില്‍ രൂപപ്പെട്ട ഭീമൻ ഗര്‍ത്തം |Photo:AP
ബാങ്കോക്കിലെ തിരക്കേറിയ റോഡില്‍ രൂപപ്പെട്ട ഭീമൻ ഗര്‍ത്തം |Photo:AP

ബാങ്കോക്ക്: തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ തിരക്കേറിയ റോഡില്‍ രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കാറുകൾ  ഗര്‍ത്തത്തിലേക്ക് പതിക്കുകയും ഇലക്ട്രിക് പോസ്റ്റുകളില്‍നിന്ന് തീ പടരുകയും ചെയ്തതോടെ ആളുകള്‍ ചിതറിയോടി.

സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു. ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് റോഡ് തകരാന്‍ കാരണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെടുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടു. റോഡ് പതുക്കെ താഴുകയും, നിരവധി വൈദ്യുതി തൂണുകള്‍ നിലംപൊത്തുകയും, ജലവിതരണ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഗര്‍ത്തം വലുതാവുകയും നാലുവരിപ്പാത പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയും ചെയ്യുമ്പോള്‍ നിരവധി കാറുകള്‍ പിന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്.

ഗര്‍ത്തം കാരണം സമീപത്തുള്ള ഒരു ആശുപത്രിക്ക് സേവനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ട് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ ഘടനയെ ബാധിച്ചിട്ടില്ലെന്ന് ബാങ്കോക്ക് നഗര ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തുള്ള മറ്റ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രദേശത്തെ വൈദ്യുതി, ജലവിതരണം എന്നിവയും ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചിട്ടുണ്ട്. കനത്ത മഴ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗത്തില്‍ ഗര്‍ത്തം അടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Content Highlights: A massive sinkhole in Bangkok caused road collapse and hospital closure